കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനാപകടം; മരണം 16 ആയി

കോഴിക്കോട്: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി താഴ്ചയിലേക്കു പതിച്ചുണ്ടായ അപകടത്തില്‍ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേയുടെതടക്കം മരണം 16 ആയി. പിലാശേരി ഷറഫുദീന്‍, ചെര്‍ക്കളപ്പറമ്പ് രാജീവന്‍ എന്നിവരുടെ മൃതദേഹം ബേബി മെമ്മോറിയല്‍ ആശുപത്രിയിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച നാലുപേര്‍ മരിച്ചു. ഫറോക്ക് ക്രസന്റ് ആശുപത്രിയിലെത്തിച്ച ഒരു സ്ത്രീ മരിച്ചു.

രണ്ടു മൃതദേഹങ്ങള്‍ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലുണ്ട്. സഹപൈലറ്റ് അഖിലേഷിനും ഒട്ടേറെ യാത്രക്കാര്‍ക്കും പരുക്കുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് സൂചന. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍നിന്ന് 191 യാത്രക്കാരുമായി വന്ന 1344 ദുബായ്‌കോഴിക്കോട് വിമാനം രാത്രി 7.45ഓടെയാണ് അപകടത്തില്‍പ്പെട്ടത്. 35 അടി താഴ്ചയിലേക്കു പതിച്ച വിമാനം രണ്ടായി പിളര്‍ന്നു. യാത്രക്കാരില്‍ 175 പേര്‍ മുതിര്‍ന്നവരും 10 പേര്‍ കുട്ടികളുമാണ്. ഇവര്‍ക്കു പുറമേ നാല് ജീവനക്കാരും രണ്ട് പൈലറ്റുമാരും ഉണ്ടായിരുന്നു.

വിമാനത്താവളത്തിനു പുറത്ത് കൊണ്ടോട്ടി- കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കു പതിച്ച വിമാനം വീഴ്ചയുടെ ആഘാതത്തിലാണ് രണ്ടായി പിളര്‍ന്നത്. കനത്ത മഴയാണ് അപകടത്തിനു കാരണമെന്നാണ് സൂചന. ലാന്‍ഡിങ്ങിനിടെ റണ്‍വേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഇടതുവശത്തേക്കു തെന്നിമാറി താഴേക്കു പതിക്കുകയായിരുന്നു. ടേബിള്‍ ടോപ് റണ്‍വേ ആയതിനാല്‍ വിമാനം നിയന്ത്രിക്കാനാകാതെ പോയതാണ് അപകട കാരണം.

അപകടത്തില്‍ വിമാനത്തിന്റെ കോക്പിറ്റ് മുതല്‍ മുന്‍ വാതില്‍ വരെയുള്ള ഭാഗം തകര്‍ന്നു. മുന്‍വാതിലിന്റെ ഭാഗത്തുവച്ചാണ് വിമാനം രണ്ടായി പിളര്‍ന്നത്. അപകടത്തിനു പിന്നാലെ നാട്ടുകാരുടെ കൂടി സഹകരണത്തോടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. സ്ഥലത്തെത്തിയ ആംബുലന്‍സുകളില്‍ പരുക്കേറ്റ യാത്രക്കാരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളിലേക്കു മാറ്റി. ജില്ലാ കലക്ടറും സ്ഥലം എംഎല്‍എയും ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

മംഗലാപുരം വിമാനത്താവളത്തിനു സമാനമായി ടേബിള്‍ ടോപ് രീതിയിലാണ് കരിപ്പൂരിലെയും നിര്‍മാണം. അതിനാല്‍ത്തന്നെ പലയിടത്തും താഴ്ചയേറിയ ഭാഗങ്ങളുണ്ട്. മംഗലാപുരത്തും സമാന രീതിയില്‍ ആഴത്തിലേക്കു വീണാണ് വിമാനം തകര്‍ന്ന് അപകടമുണ്ടായത്. കനത്ത മഴ കാഴ്ച മറച്ചതാണ് അപകടകാരണമെന്നാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കുന്നത്. റണ്‍വേ 10ലൂടെ തെന്നിനീങ്ങിയ വിമാനം ആഴത്തിലേക്കു വീഴുകയും രണ്ടായി പിളരുകയുമായിരുന്നു.

അതേസമയം, വിമാനത്താവളത്തിലെ അപകടം സംബന്ധിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കാന്‍ വിമാനത്താവളത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ IX1344 എന്ന വിമാനത്തില്‍ യാത്ര ചെയ്തവരുടെ ബന്ധുക്കള്‍ക്ക് വിവരം അറിയാന്‍ 0495 2376901 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് കോഴിക്കോട് കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

കരിപ്പൂര്‍ വിമാനാപകടത്തിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര രക്ഷാ നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീനോട് അടിയന്തരമായി സംഭവസ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അദ്ദേഹം തൃശൂരില്‍നിന്ന് പുറപ്പെട്ടു.ഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹവും രണ്ട് ജില്ലകളിലെ അഗ്‌നിശമന സേനകളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നുണ്ട്. ആവശ്യമായ ആരോഗ്യ സംവിധാനവും സജ്ജമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Top