മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാൻസ് തടഞ്ഞുവെച്ച വിമാനം ഇന്ത്യയിലേക്ക് തിരിച്ചയച്ചതായി റിപ്പോർട്ട്

പാരിസ് : മനുഷ്യക്കടത്തെന്ന് സംശയിച്ച് ഫ്രാൻസ് തടഞ്ഞുവെച്ച വിമാനം ഇന്ത്യയിലേക്ക് തിരിച്ചയച്ചതായി റിപ്പോർട്ട്. നാല് ദിവസം മുമ്പാണ് പാരിസ് വിമാനത്താവളത്തിൽ അധികൃതർ വിമാനം തടഞ്ഞുവെച്ചത്. ഇന്ന് രാവിലെയാണ് വിമാനം പുറപ്പെട്ടത്. എന്നാൽ, ഇന്ത്യൻ അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. യുഎഇയില്‍ നിന്ന് 303 ഇന്ത്യക്കാരുമായി പുറപ്പെട്ട വിമാനം യാത്രാമധ്യേ ഫ്രാൻസ് തടഞ്ഞുവെക്കുകയായിരുന്നു. ഇന്ധനം നിറക്കാനാണ് വിമാനം പാരിസിൽ ഇറക്കിയത്. മനുഷ്യക്കടത്ത് സംബന്ധിച്ച സംശയത്തെ തുടർന്നാണ് നടപടിയെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിലെ യാത്രക്കാരായ ഇന്ത്യക്കാർ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന് സംശയിക്കുന്നതായും പാരിസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് പറയുന്നു. 11 പ്രായപൂർത്തിയാകാത്തവരും സംഘത്തിലുണ്ടായിരുന്നു.

രണ്ട് ദിവസം യാത്രക്കാരെ ചോദ്യം ചെയ്തതിന് ശേഷമാണ് വിമാനം വിട്ടുനൽകാൻ പ്രോസിക്യൂട്ടർമാർ ഇന്നലെ അനുമതി നൽകിയത്. പാരീസിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള വാട്രിയിൽ നിന്ന് പറന്നുയർന്ന വിമാനം ഇന്ന് മുംബൈയിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. കമ്പനി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ലെജൻഡ് എയർലൈൻസിന്റെ അഭിഭാഷകൻ പറഞ്ഞു. കമ്പനിക്ക് നഷ്ടം സംഭവിച്ചതിനാൽ നഷ്ടപരിഹാരം തേടുമെന്നും അവർ കൂട്ടിച്ചേർത്തു.

ലെജൻഡ് എയർലൈൻസ് എന്ന റുമേനിയൻ കമ്പനിയുടേതായിരുന്നു ചാർട്ടേഡ് വിമാനം. യുഎഇയിൽ നിന്ന് പുറപ്പെട്ട് നിക്കരാ​ഗ്വെയിലേക്ക് പറക്കുകയായിരുന്നു എ-340 വിഭാഗത്തില്‍പെട്ട വിമാനം. അമേരിക്കയിലേക്കോ കാനഡയിലേക്കോ എത്തിക്കാമെന്ന് വാ​ഗ്ദാനം ചെയ്താണ് ഇത്രയും ആളുകളെ വിമാനത്തിൽ കൊണ്ടുപോകുന്നതെന്ന് സംശയിക്കുന്നതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിമാനം തടഞ്ഞതെന്നും സൂചനയുണ്ട്. ഷണല്‍ ആന്റി ഓര്‍ഗനൈസ്‍ഡ് ക്രൈം യൂണിറ്റ് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.

Top