വിമാനത്തിലെ കയ്യേറ്റം: ഉടൻ നടപടിയുണ്ടാകുമെന്ന് വ്യോമയാന മന്ത്രി

തിരുവനന്തപുരം : വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസുകാരെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ കയ്യേറ്റം ചെയ്ത സംഭവത്തിൽ നടപടിയുണ്ടാകുമെന്നു വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. അറസ്റ്റ് ജയരാജൻ എന്ന ഹാഷ്ടാഗോടു കൂടി സിന്ധ്യയെ ടാഗ് ചെയ്ത ട്വീറ്റിനാണ് മന്ത്രി മറുപടി നൽകിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജയരാജൻ പിടിച്ചു തള്ളുന്ന വിഡിയോ പങ്കുവച്ച ഹൈബി ‘മുദ്രാവാക്യം മുഴക്കുന്ന 2 യാത്രക്കാരെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ കയ്യേറ്റം ചെയ്യുന്നത് ഈ വിഡിയോയിൽ വ്യക്തമായി കാണാം. ഇൻഡിഗോ, ഡിജിസിഎ തുടങ്ങിയവർ എന്തുകൊണ്ടാണ് എഫ്ഐആർ റജിസ്റ്റർ ചെയ്യാത്തത്? പുതിയ ഇന്ത്യയിൽ നീത‍ിയിലും പക്ഷപാതിത്വമുണ്ടോ?’ എന്ന് ട്വീറ്റ് ചെയ്തു. ട്വിറ്ററിൽ ഹൈബി ഈഡൻ എംപി വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ‘ഞങ്ങൾ ഇതു പരിശോധിക്കുന്നുണ്ട്, ഉടൻ നടപടിയുണ്ടാകും’ എന്നു സിന്ധ്യ മറുപടിയിട്ടത്.

Top