കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വിമാനാപകടം; പൈലറ്റടക്കം രണ്ടുപേര്‍ മരിച്ചതായി സൂചന

കോഴിക്കോട്: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി താഴ്ചയിലേക്കു പതിച്ച് രണ്ടായി പിളര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റും രണ്ട് യാത്രക്കാരും മരിച്ചെന്ന് സൂചന. ദുബായില്‍നിന്ന് 191 യാത്രക്കാരുമായി വന്ന 1344 ദുബായ്-കോഴിക്കോട് വിമാനമാണ് രാത്രി 7.45ഓടെ അപകടത്തില്‍പ്പെട്ടത്.

യാത്രക്കാരില്‍ 175 മുതിര്‍ന്നവരും 10 പേര്‍ കുട്ടികളുമാണെന്നാണ് വിവരം. ഇവര്‍ക്കു പുറമേ നാല് ജീവനക്കാരും രണ്ട് പൈലറ്റുമാരും ഉണ്ടായിരുന്നു. അപകടത്തില്‍ രണ്ട് സ്ത്രീ യാത്രക്കാരാണ് മരിച്ചതെന്നാണ് വിവരം. വിമാനത്താവളത്തിനു പുറത്ത് കൊണ്ടോട്ടി- കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കു പതിച്ച വിമാനം വീഴ്ചയുടെ ആഘാതത്തില്‍ രണ്ടായി പിളരുകയായിരുന്നു..

കനത്ത മഴയാണ് അപകടത്തിനു കാരണമെന്നാണ് സൂചന. ലാന്‍ഡിങ്ങിനിടെ റണ്‍വേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഇടതുവശത്തേക്കു തെന്നിമാറി താഴേക്കു പതിക്കുകയായിരുന്നു. ടേബിള്‍ ടോപ് റണ്‍വേ ആയതിനാലാണ് വിമാനം നിയന്ത്രിക്കാനാകാതെ പോയതെന്ന് സൂചന. അപകടത്തില്‍ വിമാനത്തിന്റെ കോക്പിറ്റ് മുതല്‍ മുന്‍ വാതില്‍ വരെയുള്ള ഭാഗം തകര്‍ന്നു.

Top