plain missing

ന്യൂഡല്‍ഹി: ചെന്നൈയില്‍ നിന്ന് പോര്‍ട്ട്‌ബ്ലെയറിലേക്കുള്ള യാത്രാമധ്യേ കാണാതായ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന ഒരു സൈനികന്റെ ഫോണ്‍ അപകടത്തിന് ആറു ദിവസത്തിന് ശേഷവും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബന്ധുക്കള്‍.

വ്യോമസേനാ ഉദ്യോഗസ്ഥനായ രഘുവീര്‍ വര്‍മയുടെ മൊബൈല്‍ ഫോണ്‍ 28-ാം തിയതി (വ്യാഴാഴ്ച) രാവിലെ റിംഗ് ചെയ്തതായി ബന്ധുക്കള്‍ അധികൃതരെ അറിയിച്ചു.

കഴിഞ്ഞ രണ്ട്, മൂന്ന് ദിവസമായി രഘുവീര്‍ സിംഗിന്റെ എയര്‍ടെല്‍ നമ്പറിലേക്ക് ബന്ധുക്കള്‍ നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ഇതിനിടെ അപ്രതീക്ഷിതമായാണ് വ്യാഴാഴ്ച രാവിലെ ഏതാനും സമയത്തേക്ക് രണ്‍വീറിന്റെ ഫോണ്‍ റിംഗ് ചെയ്തത്.

ഇതു കൂടാതെ വിമാനം കാണാതായി നാല് ദിവസത്തിന് ശേഷം രഘുവീറിന്റെ ഫോണിലെ ഡാറ്റ കണക്ഷന്‍ ഓണ്‍ ചെയ്യപ്പെട്ടെന്ന് ബന്ധുക്കള്‍ പറയുന്നു.

ഇതിന് തെളിവായി ഫോണിലെ മെസഞ്ചര്‍ ആപ്ലിക്കേഷനില്‍ ലാസ്റ്റ് സീന്‍ ജൂലായ് 26 രാവിലെ കാണിച്ചതും അവര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വ്യോമസേന ഉദ്യോഗസ്ഥര്‍ രണ്‍വീറിന്റെ വീട്ടിലെത്തി വിശദവിവരങ്ങള്‍ ആരാഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും രഘുവീറിന്റെ കോള്‍ രേഖകള്‍ പരിശോധിക്കുമെന്നും ഇവര്‍ ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.

കാണാതായ വിമാനത്തിലുണ്ടായിരുന്നുവെന്ന് കരുതപ്പെടുന്ന ഫോണ്‍ റിംഗ് ചെയ്തതോടെ വലിയ പ്രതീക്ഷയിലാണ് രഘുവീറിന്റെ കുടുംബം.

ജൂലായ് 22 നാണ് 29 പേരുമായി ചെന്നൈ താംബരം വ്യോമത്താവളത്തില്‍നിന്ന് അന്തമാനിലെ പോര്‍ട്ട് ബ്ലെയറിലേക്കു തിരിച്ച വ്യോമസേനാവിമാനം കാണാതായത്. വിമാനം കടലില്‍ വീണിരിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും എട്ട് ദിവസത്തിന് ശേഷവും തെളിവൊന്നും ലഭിച്ചിട്ടില്ല.

Top