ജിഎസ്ടി സൈറ്റ്‌ തകരാര്‍; വ്യാപാരികളുടെ റിട്ടേണ്‍ മുടങ്ങി, വന്‍തുക പിഴ അടയ്ക്കാന്‍ നോട്ടീസ്‌

പാലക്കാട്: ജിഎസ്ടി വെബ്‌സൈറ്റിന്റെ തകരാര്‍ മൂലം വ്യാപാരികള്‍ വലയുന്നു. സംസ്ഥാനത്തെ ഒന്നര ലക്ഷത്തോളം വ്യാപാരികള്‍ക്കു മാര്‍ച്ച് മുതലുള്ള റിട്ടേണ്‍ സമര്‍പ്പിക്കാനായിട്ടില്ല.

റിട്ടേണ്‍ വൈകിയാല്‍ ഒരു ദിവസം 50 രൂപയാണു പിഴ. ഇത്തരത്തില്‍ നാലു മാസത്തെ പിഴ അടയ്ക്കണമെന്നു കാണിച്ച് വ്യാപാരികള്‍ക്കു ജിഎസ്ടി ഓഫീസില്‍ നിന്നും നോട്ടീസ്‌ ലഭിച്ചു.

ഇക്കാര്യത്തില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പിഴ അടയ്‌ക്കേണ്ടെന്നും അടച്ചവര്‍ക്കു തിരികെ ലഭിക്കുമെന്നും ജിഎസ്ടി കൗണ്‍സില്‍ അറിയിച്ചെങ്കിലും തുടര്‍നടപടികളൊന്നും തന്നെ ഉണ്ടായില്ല. 12 കോടിയോളം രൂപയാണ് വ്യാപാരികള്‍ക്കു തിരികെ ലഭിക്കാനുള്ളത്.

മാത്രമല്ല, വെബ്‌സൈറ്റ് തകരാര്‍ ചൂണ്ടിക്കാണിച്ചു വ്യാപാരി സംഘടനകള്‍ കേന്ദ്ര ധനമന്ത്രിക്കു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

Top