വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്ര നീക്കം ദുരൂഹമെന്ന് പി കെ ശ്രീമതി

കണ്ണൂർ : ധൃതിപിടിച്ച് പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള  കേന്ദ്ര സർക്കാർ നീക്കം ദുരൂഹമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. വിവാഹ പ്രായം 18 വയസ് ആയി തന്നെ നിലനിർത്തണമെന്നും പെൺകുട്ടികളുടെ പോഷകാഹാര കുറവ് പരിഹരിക്കാനുള്ള  നിയമവും നടപടിക്രമങ്ങളുമാണ് രാജ്യത്ത് കൊണ്ട് വരേണ്ടതെന്നും പി കെ ശ്രീമതി പറഞ്ഞു.

” വിവാഹ പ്രായം 21 ആക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കാവുന്ന തീരുമാനമാണ്. ബില്ലിനെ ശക്തമായി എതിർക്കുകയാണ്. ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടത് മഹിളാ സംഘടനകളുമായും രാഷ്ട്രീയ പാർട്ടികളുമായും ആലോചിച്ച് വേണമായിരുന്നുവെന്ന് ഓർമ്മിപ്പിച്ച പികെ ശ്രീമതി, തീരുമാനത്തിന് പിന്നിൽ ചില രാഷ്ട്രീയ ലക്ഷ്യങ്ങളും ദുരൂഹതകളുമുണ്ടെന്നും കുറ്റപ്പെടുത്തി”.

അതിനിടെ, സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള തീരുമാനത്തെ  ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ നേതൃത്വവും എതിര്‍ത്തു. കേന്ദ്ര നീക്കം വിപരീത ഫലമുണ്ടാക്കുമെന്ന് സംഘടന പ്രതികരിച്ചുവെങ്കിലും വിഷയത്തിൽ പ്രതികരിക്കാൻ സംസ്ഥാന ഘടകം തയ്യാറായിട്ടില്ല. കൂടതൽ ചര്‍ച്ച വേണമെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്.

Top