നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കു നേരെ നടന്നത് മനുഷ്യാവകാശലംഘനം; പി കെ ശ്രീമതി

കണ്ണൂര്‍: മെഡിക്കല്‍ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടു വിദ്യാര്‍ഥികള്‍ക്കു നേരെ ഗുരുതര മനുഷ്യാവകാശ ലംഘനമാണു നടന്നതെന്ന് പി കെ ശ്രീമതി എംപി.

അടിവസ്ത്രം വരെ ഊരി പരിശോധനയ്ക്കു വിധേയമാകേണ്ടി വന്ന പെണ്‍കുട്ടികള്‍ക്ക് ഒരിക്കലും മനഃസമാധാനത്തോടെ പരീക്ഷയെഴുതി മികച്ച വിജയം നേടാനാകില്ല.

ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ മര്യാദയ്ക്കു നടപ്പാക്കാത്തവരാണു പ്രവേശനപരീക്ഷയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ അമിത വ്യഗ്രത കാണിച്ചതെന്നും ശ്രീമതി പറഞ്ഞു.

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ഗൈഡ്‌ലൈന്‍സ് പ്രായോഗികമായി നടപ്പാക്കുന്നതിനു പകരം വിദ്യാര്‍ഥികളെ പീഡിപ്പിച്ചു മനസ്സമാധാനം കളയാനാണ് അധികൃതര്‍ ശ്രമിച്ചത്.

മനുഷ്യാവകാശ കമ്മിഷനും വനിത കമ്മിഷനും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനും ഇത്തരത്തില്‍ മനുഷ്യാവകാശ ലംഘനം നടത്തിയവര്‍ക്കെതിരെ പരാതി നല്‍കും.

ഇത്തരം സംഭവങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ ഉണ്ടാകാതിരിക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്നും കര്‍ശന നടപടിയുണ്ടാകണമെന്നും ശ്രീമതി ആവശ്യപ്പെട്ടു.

Top