അമ്മയില്‍ ആണ്‍കോയ്മ; അമ്മമാരുടെ ചോദ്യങ്ങള്‍ക്ക് മോഹന്‍ലാല്‍ ഉത്തരം നല്‍കുമോയെന്ന് പികെ ശ്രീമതി

തിരുവനന്തപുരം : മലയാള സിനിമ താരസംഘടനയില്‍ ആണ്‍കോയ്മയാണെന്ന് പികെ ശ്രീമതി എംപി. സ്വന്തം അമ്മയെ ജീവനുതുല്യം സ്‌നേഹിക്കുന്ന എ.എം.എം.എയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ കേരളത്തിലെ ലക്ഷക്കണക്കിന് അമ്മമാരുടെ മനസിലുയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമോയെന്നും പികെ ശ്രീമതി ചോദിച്ചു.

നീതിക്കുവേണ്ടി ശബ്ദിക്കാനും രാജിവച്ചു പ്രതിഷേധിക്കാനും നാലുപേരെയുള്ളൂ എന്നതു കണക്കാക്കേണ്ട. പ്രബുദ്ധകേരളം നിങ്ങളോടൊപ്പമുണ്ടെന്നും അവര്‍ ഫേയ്‌സ് ബുക്കില്‍ കുറിച്ചു.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ
“”അമ്മക്കു ആൺകോയ്മ “”. ഒരുകാലത്ത്‌ സിനിമയിൽ നായികമാർക്കും നായകന്മാർക്കും തുല്യപദവിയായിരുന്നു. പ്രതിഭകളായ ഒട്ടനവധി യുവതികളായ സിനിമാതാരങ്ങൾ കേരളത്തിലുണ്ട്‌. എന്നാൽ അവരർഹിക്കുന്ന നീതിയും പദവിയും ലഭിക്കുന്നില്ല . നീതിക്കുവേണ്ടി ശബ്ദിക്കുവാനും രാജി വച്ച്‌ പ്രതിഷേധിക്കാനും 4പേരു മാത്രമേ ഉള്ളു എന്നു ആരും കണക്കാക്കരുത്‌. പ്രബുദ്ധകേരളം നിങ്ങളോടൊപ്പം ഉണ്ട്‌.

ഇടതുപക്ഷം സ്ത്രീ സുരക്ഷയ്ക്ക് വളരെയധികം വില കൽപ്പിക്കുന്നു.

അമ്മ സംഘടനയിൽ സ്ത്രീകൾ സുരക്ഷിതരല്ല എന്ന് വ്യക്തം.സ്ത്രീവിരുദ്ധതയാണോ അമ്മയുടെ മുഖമുദ്ര ? ആണെന്ന് ആരു സംശയിച്ചാലും. കുറ്റം പറയാൻ കഴിയുമോ ?

ജനാധിപത്യ കേരളത്തിലെ സ്ത്രീ സമൂഹത്തിനു നേരെയുള്ള വെല്ലുവിളിയാണ് ഇത്തരം തീരുമാനത്തിലൂടെ അമ്മ സംഘടന കൈ കൊണ്ടത്. സ്ത്രീകൾക്കു നേരെയുള്ളഹീനമായ ആക്രമണത്തെ എതിർക്കേണ്ടവർ ആരോപണവിധയരൊടൊപ്പൊം എന്ന പ്രവണത സംഘടന ഉടനെ പുനപരിശോധിക്കണമെന്നാണ് പ്രബുദ്ധ കേരളത്തിലെ സ്ത്രീ സമൂ ഹം കാണാനും, കേൾക്കാനും ആഗ്രഹിക്കുന്നത്.

Top