രാഷ്ട്രീയത്തില്‍ സ്ത്രീപങ്കാളിത്തം കൂട്ടാന്‍ പാര്‍ട്ടികളുടെ മനോഭാവത്തില്‍ മാറ്റംവരണം: പി.കെ. ശ്രീമതി

തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ സ്ത്രീപങ്കാളിത്തം കൂട്ടാന്‍ പാര്‍ട്ടികളുടെ മനോഭാവത്തില്‍ മാറ്റംവരേണ്ടതുണ്ടെന്ന് ജനാധിപത്യ മഹിള അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതി. ശാസ്ത്ര-സാങ്കേതിക-ഗവേഷണ രംഗങ്ങളിലെല്ലാം സ്ത്രീകള്‍ ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. സൈന്യത്തിലും ഉയര്‍ന്നതലങ്ങളില്‍ സ്ത്രീകളുണ്ട്. രാഷ്ട്രീയരംഗത്തേക്ക് സ്ത്രീകളും വരണമെന്ന ബോധമാണ് വളരേണ്ടതെന്നും ശ്രീമതി പറഞ്ഞു.

മാറ്റുവിന്‍ ചട്ടങ്ങളെ എന്നുപറയുന്നതുപോലെത്തന്നെയാണത്. അത് മാറ്റുകയും മാറുകയും വേണം. മതാധിഷ്ഠിതരാഷ്ട്രങ്ങളില്‍പ്പോലും ഇന്ത്യയെക്കാള്‍ സ്ത്രീപങ്കാളിത്തം രാഷ്ട്രീയകാര്യങ്ങളിലുണ്ട്. ഇന്ത്യന്‍സമൂഹത്തിന്റെ മനോഭാവം മാറണം. സ്ത്രീ രണ്ടാംകിടപൗരയാണെന്ന മനുകാലമനോഭാവം നിലനില്‍ക്കുന്നുണ്ട്. വീട്ടുകാര്യങ്ങളും ജോലികാര്യങ്ങളും ഒരേസമയം നിര്‍വഹിക്കാനാകുന്ന സ്ത്രീകള്‍ക്ക്, ഇന്ത്യന്‍ പാര്‍ലമെന്റിലും നിയമസഭയിലും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവുമുണ്ട്. അവസരമാണ് ഓരോരുത്തരെയും വളര്‍ത്തുന്നത്. അതിനാല്‍, അവസരം നല്‍കുകയാണ് വേണ്ടതെന്നും ശ്രീമതി പറഞ്ഞു.

ഈ കാഴ്ചപ്പാട് സി.പി.എമ്മിനുണ്ട്. അതുകൊണ്ടാണ് പാര്‍ട്ടി കമ്മിറ്റികളിലേക്ക് കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞു കൊണ്ടേയിരിക്കുന്നത്. ഇപ്പോള്‍ കുറെ മാറ്റംവന്നു. പാര്‍ട്ടി ഏരിയാസെക്രട്ടറിയായുള്ള ഒട്ടേറെ സ്ത്രീകളുണ്ട്. വിജയിക്കുന്ന സീറ്റില്‍ സ്ത്രീകളെ നിര്‍ത്തി എം.എല്‍.എ.യും മന്ത്രിയുമാക്കിയിട്ടുണ്ട്. അത്തരമൊരു സമീപനം കോണ്‍ഗ്രസ് സ്വീകരിക്കാറില്ല.

തിരഞ്ഞെടുപ്പില്‍ ജയിക്കുകയെന്നത് പ്രായോഗിക രാഷ്ട്രീയത്തില്‍ അനിവാര്യമാണ്. പൊതുജനങ്ങള്‍ക്ക് സുപരിചതരായ സ്ത്രീകള്‍ അധികമുണ്ടാകില്ല. സംവരണമില്ലെങ്കില്‍ സ്ത്രീകള്‍ക്കെതിരേ ജനങ്ങള്‍ക്ക് ഏറെ അറിയുന്ന പുരുഷനെയാകും എതിര്‍പക്ഷം സ്ഥാനാര്‍ഥിയാക്കുക.

ഇത് സ്ത്രീകളുടെ വിജയസാധ്യത ഇല്ലാതാക്കും. സംവരണമാകുമ്പോള്‍ ആ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെല്ലാം സ്ത്രീകളാകും. ഇടതുപക്ഷപ്പാര്‍ട്ടിയിലും സ്ത്രീകളോട് വിവേചനമുണ്ടെന്ന് ആനി രാജ പറഞ്ഞതിന്റെ സാഹചര്യമറിയില്ല. മറ്റുപാര്‍ട്ടികളെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്നും ശ്രീമതി പറഞ്ഞു.

Top