ചുവപ്പ് കോട്ട പൊളിക്കാന്‍ പാളയത്തില്‍ തന്നെ പട നയിക്കുകയാണോ സഖാക്കളെ ?

മ്മ്യൂണിസ്റ്റു പാര്‍ട്ടികളെ സംബന്ധിച്ച് വ്യക്തിയല്ല സംഘടനയാണ് പ്രധാനം. അത് അന്നും ഇന്നും അങ്ങനെ തന്നെയാണ്. പാര്‍ട്ടിക്ക് മേല്‍ ആരെയും വളരാന്‍ അനുവദിക്കില്ലെന്നതാണ് പ്രഖ്യാപിത നയം. എല്ലാം പാര്‍ട്ടിയാണ്, ആയിരിക്കണം അതാണ് നിലപാട്.

കേഡര്‍ പാര്‍ട്ടിയായ സി.പി.എമ്മിന്റെ സംഘടന അടിത്തറ കെട്ടിപ്പൊക്കിയത് തന്നെ അച്ചടക്കത്തില്‍ ഊന്നിയാണ്. ഈ സംഘടന ചട്ടക്കൂടില്‍ നിന്നു കൊണ്ടുതന്നെ ജനകീയ നേതാക്കളായി വളര്‍ന്നവരാണ് എ.കെ.ജിയും ഇ.എം.എസും നായനാരും വി.എസും പിണറായിയുമെല്ലാം. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് ഈ നേതാക്കള്‍ക്ക് പോലും അച്ചടക്ക നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. സ്വയം വിമര്‍ശനപരമായി കാര്യങ്ങളെ കാണുന്നത് കൊണ്ടാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് നിലനില്‍പ്പ് സാധ്യമാകുന്നത്.

സി.പി.എമ്മിന് സംസ്ഥാനത്ത് ഏറ്റവും ശക്തമായ അടിത്തറയുള്ള ജില്ലയാണ് കണ്ണൂര്‍. സംസ്ഥാനത്തെ മറ്റു ജില്ലകളിലെ പ്രവര്‍ത്തകര്‍ പോലും കണ്ണൂര്‍ നേതാക്കളുടെ കരുത്തില്‍ അഭിമാനിക്കുന്നവരാണ്. ഈ കണ്ണൂര്‍ പെരുമ സി.പി.എമ്മിന്റെയും വര്‍ഗ്ഗ ബഹുജന സംഘടനകളുടെയും നേതൃത്വത്തിലും സര്‍ക്കാരിലും പ്രകടവുമാണ്.

മുഖ്യമന്ത്രി പിണറായി വിജയനു ശേഷം കണ്ണൂരില്‍ നിന്നും ആവേശമായ നേതാവാണ് പി.ജയരാജന്‍. രാഷ്ട്രീയ എതിരാളികളെ സംബന്ധിച്ച് കണ്ണിലെ കരടാണ് ഈ നേതാവ്. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എങ്ങനെയായിരിക്കണം, അദ്ദേഹത്തിന്റെ കുടുംബം എങ്ങനെ ജീവിക്കണം എന്നതിന്റെ സന്ദേശമാണ് ജയരാജന്റെ ജീവിതം. എം.എല്‍.എയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയുമൊക്കെയായി തിളങ്ങിയ ഈ നേതാവിന്റെ മകന്‍ ഇപ്പോഴും കൂലിപണിക്കാരനാണ് എന്നതില്‍ തന്നെ നിലപാടും വ്യക്തമാണ്.

കുടുംബാംഗങ്ങള്‍ക്കു വേണ്ടി പോലും ആരുടെ മുന്നിലും തല കുനിക്കാത്ത കമ്മ്യൂണിസ്റ്റാണ് ജയരാജന്‍. രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ നിരവധി തവണ പ്രതിസ്ഥാനത്ത് വന്നിട്ടുണ്ടെങ്കിലും അതൊന്നും ഈ കമ്മ്യൂണിസ്റ്റിന്റെ വീര്യത്തെ കെടുത്തിയിട്ടില്ല. പൂര്‍വാധികം ശക്തിയോടെയാണ് അദ്ദേഹം അന്നും ഇന്നും മുന്നോട്ട് പോകുന്നത്. മരണത്തിന്റെ മുഖത്ത് ചവിട്ടിയുള്ള രണ്ടാം ജന്മമാണ് ജയരാജന്റേത്. ഒരു തിരുവോണ നാളില്‍ നടന്ന രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തില്‍ നിന്നും ചങ്കുറപ്പ് ഒന്നു കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. ശരീരം മുഴുവന്‍ വെട്ടി നുറുക്കപ്പെട്ട ജയരാജന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നത് ആ ചങ്കുറപ്പ് കൊണ്ടു മാത്രമാണ്.

സാധാരാണക്കാരായ പാര്‍ട്ടി അനുഭാവികള്‍ക്ക് എപ്പോഴും കയ്യെത്തും ദൂരത്താണ് ജയരാജന്‍. അതുകൊണ്ടു തന്നെയാണ് ആന്തൂര്‍ നഗരസഭയില്‍ നിന്നും നീതി ലഭ്യമാക്കാന്‍ ജയരാജനെ തേടി സാജന്‍ പാറയില്‍ എത്തിയിരുന്നത്. ജയരാജന്‍ ഇടപെട്ട് നിര്‍ദ്ദേശം നല്‍കിയിട്ടും പി.കെ ശ്യാമള എന്ന സി.പി.എം നേതാവായ നഗരസഭ അദ്ധ്യക്ഷ മുഖം തിരിച്ചതാണ് ഒരു ജീവനെടുത്തത്.

കോടികള്‍ ചിലവിട്ട് നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു എങ്കില്‍ ഒരിക്കലും സാജന്‍ പാറയിലിന് ആത്മഹത്യ ചെയ്യേണ്ടി വരില്ലായിരുന്നു. ഇവിടെ ശ്യാമളയെ നയിച്ചത് എന്തായിരുന്നു എന്നത് സി.പി.എം ഗൗരവമായി പരിശോധിക്കേണ്ട കാര്യമാണ്. ആന്തൂര്‍ നഗരസഭയില്‍ നിന്നും ലഭിക്കേണ്ട ഒക്യൂപെന്‍സി സര്‍ട്ടിഫിക്കറ്റിലെ ഒപ്പ് വൈകിയതിന്റെ ഒറ്റ നിമിഷത്തെ നിരാശയല്ല, മാസങ്ങളായി അവര്‍ നടത്തിയ മാനസിക പീഡനമാണ് സാജനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടിരുന്നത്.

സി.പി.എം ജില്ലാ സെക്രട്ടറിയുടെ കസേരയിലിരുന്ന് ജയരാജന്‍ നല്‍കിയ നിര്‍ദ്ദേശം ശ്യാമള ധിക്കരിച്ചത് എന്തിനായിരുന്നു എന്ന് അറിയാനുള്ള അവകാശം ലക്ഷക്കണക്കിന് വരുന്ന സി.പി.എം അനുഭാവികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉണ്ട്. കേരളം കാതോര്‍ക്കുന്നതും ഈ ചോദ്യത്തിനുള്ള ഉത്തരമാണ്.

ഭര്‍ത്താവ് കേന്ദ്ര കമ്മറ്റി അംഗമാണ് എന്നത് ശ്യാമളയ്ക്ക് പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ നിര്‍ദ്ദേശം ധിക്കരിക്കാനുള്ള ലൈസന്‍സല്ല. ഇവിടെ ജയരാജന്‍ വ്യക്തിയല്ല സംഘടനയാണ്. പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലാണ് സാജന്‍ ജയരാജന് പരാതി നല്‍കിയിരുന്നത്. ജയരാജന്‍ ഇടപെട്ടതും സംഘടനാപരമായി തന്നെയാണ്.

എതിരാളികള്‍ക്ക് എതിരായി നിര്‍ത്താന്‍ സ്ഥാനാര്‍ത്ഥികളെ പോലും നല്‍കാതെ ചുവപ്പണിഞ്ഞ നാടാണ് ആന്തൂര്‍. ഇവിടെ നഗരസഭ അധ്യക്ഷ നടപ്പാക്കേണ്ടിയിരുന്നത് വ്യക്തിപരമായ താല്‍പ്പര്യമല്ല, ന്യായവും നീതിയും ആയിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ സാജന്‍ പാറയിലിന് ആത്മഹത്യ ചെയ്യേണ്ടി വരില്ലായിരുന്നു.

ഈ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാതിരിക്കുന്നതിന് നഗരസഭ നിരത്തിയ വാദങ്ങളെല്ലാം പൊളിഞ്ഞു കഴിഞ്ഞു. അതു കൊണ്ട് തന്നെയാണ് നഗരസഭ സെക്രട്ടറി അടക്കമുള്ളവര്‍ സസ്പെന്‍ഷനിലായിരിക്കുന്നത്. നടപടി ഉദ്യോഗസ്ഥരില്‍ മാത്രം ഒതുക്കാന്‍ ശ്രമിച്ചാല്‍ അതിന് സി.പി.എം വലിയ വില തന്നെ കൊടുക്കേണ്ടി വരും. ഒരു സ്ത്രീയുടെ പകയ്ക്ക് മുന്നില്‍ കേരളത്തിലെ കമ്യൂണിസ്റ്റുകളുടെ ആത്മാഭിമാനത്തിന് പോറലേല്‍പ്പിക്കരുത്.

കേന്ദ്ര കമ്മറ്റിയംഗമായ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ട്. ഭാര്യയാണെങ്കിലും തെറ്റ് ചെയ്താല്‍ സംരക്ഷിക്കാന്‍ ശ്രമിക്കരുത്. അദ്ധ്യക്ഷ പദവിയില്‍ നിന്നും ശ്യാമളയെ രാജി വയ്പിച്ച് സംഘടനാ നടപടിക്ക് വിധേയമാക്കാന്‍ നിര്‍ദേശിക്കേണ്ടത് ഗോവിന്ദന്‍ മാസ്റ്ററുടെ കടമയാണ്. മകന്‍ ചെയ്ത തെറ്റ് ന്യായീകരിക്കാതെ തള്ളി പറഞ്ഞ കോടിയേരിയുടെ പാത പിന്തുടരാന്‍ ഗോവിന്ദന്‍ മാസ്റ്റര്‍ തയ്യാറാകണം. അല്ലാത്തപക്ഷം ഒരു കമ്മ്യൂണിസ്റ്റ് നേതാവായി താങ്കളെ അണികള്‍ പോലും അംഗീകരിച്ചെന്ന് വരില്ല.

പി.ജയരാജനെ കാണുന്നതിന് പകരം സാജന്‍ എം.വി ഗോവിന്ദന്‍ മാസ്റ്ററെ കണ്ടിരുന്നു എങ്കില്‍ കാര്യം നടക്കുമായിരുന്നു എന്ന ഭാര്യ ബീനയുടെ ആരോപണവും അതീവ ഗൗരവമുള്ളതാണ്. ജയരാജന്‍ വിഷയത്തില്‍ ഇടപെട്ടതു മുതല്‍ പകയോടെയാണ് ശ്യാമള പെരുമാറിയതെന്ന് പറയുമ്പോള്‍ അതിനെ നിസാരമായി കാണാന്‍ കഴിയുകയില്ല. ഇതിന് ശ്യാമള മാത്രമല്ല, എം വി ഗോവിന്ദന്‍ മാസ്റ്ററും മറുപടി പറയണം. അതല്ലെങ്കില്‍ സി.പി.എം നേതാവെന്ന നിലയില്‍ ഇനി അണികളെ പഠിപ്പിക്കാന്‍ ഇറങ്ങിയാല്‍ അണികള്‍ തിരിച്ചു പഠിപ്പിച്ചെന്നിരിക്കും.

പി.ജയരാജനെയും എം.വി ഗോവിന്ദന്‍ മാസ്റ്ററെയും താരതമ്യം ചെയ്യാന്‍ പോലും പറ്റാത്തതാണ്. പൊതു ജീവിതത്തില്‍ ഇതുവരെ മോശം പ്രതിച്ഛായ ഉണ്ടാക്കാത്ത നേതാവാണ് എം.വി ഗോവിന്ദന്‍. ജയരാജനാവട്ടെ പാര്‍ട്ടിയുടെ ജീവിക്കുന്ന രക്ഷസാക്ഷിയുമാണ്. എങ്ങനെ വിലയിരുത്തിയാലും ഒരു നേതാവെന്ന നിലയില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ ജയരാജന് തന്നെയാണ് സ്വീകാര്യത കൂടുതല്‍. എന്നാല്‍ ഭാര്യയുടെ പ്രവര്‍ത്തി മൂലം എം.വി. ഗോവിന്ദന് ഇപ്പോള്‍ പൊതു സമൂഹത്തിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും തലയുയര്‍ത്തി നടക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്.

കണ്‍വെന്‍ഷന്‍ സെന്ററിനോടുള്ള ശ്യാമളയുടെ പകയ്ക്ക് പിന്നില്‍ മറ്റു വല്ല ഉദ്ദേശ്യവും ഉണ്ടായിരുന്നു എങ്കില്‍ അക്കാര്യവും പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. സി.പി.എം വിശദീകരണ യോഗത്തില്‍ ആരോപണ വിധേയയെ പങ്കെടുപ്പിച്ചത് തന്നെ ഗുരുതരമായ തെറ്റാണ്. അവരെ വേദിയിലിരുത്തി നഗരസഭ നിലപാടിനെ കുറ്റപ്പെടുത്തിയ പി.ജയരാജന്റെ നിലപാടാണ് പാര്‍ട്ടിയുടെ മാനം കാത്തത്.

എത്രയും പെട്ടെന്ന് ശ്യാമളയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്യാനും നിയമ നടപടിക്ക് വിട്ട് കൊടുക്കാനും സി.പി.എം തയ്യാറാകണം. ആത്മഹത്യ പ്രേരണ കുറ്റത്തിന് ഇവര്‍ക്കെതിരെ കേസെടുക്കേണ്ടതും അനിവാര്യമാണ്. സാജന്‍ പാറയിലിന്റെ കുടുംബം മാത്രമല്ല കേരളമാകെ ആഗ്രഹിക്കുന്നതും അതാണ്.

ബാങ്കിലുണ്ടായിരുന്ന അവസാന സമ്പാദ്യം വരെ നുള്ളിപ്പെറുക്കി സാജന്‍ കെട്ടിപ്പൊക്കിയ ആ കെട്ടിടത്തിന് ഉടന്‍ പ്രവര്‍ത്തനാനുമതി നല്‍കാന്‍ മുഖ്യമന്ത്രി തന്നെ ഇടപെടണം. ചെങ്കൊടിയെ മാത്രം സ്നേഹിക്കുന്ന ഒരു കുടുംബത്തിന്റെ കണ്ണീര്‍ ഇനിയും ചുവപ്പ് മണ്ണില്‍ വീഴിക്കരുത്. അത് മഹാപാപമാണ്.

Express View

Top