സി.പി.എമ്മിന്റെ ശത്രു മറ്റാരുമല്ല, അത് . . . ആ പാർട്ടിയുടെ നേതാക്കൾ തന്നെയാണ് !

സി.പി.എം എന്ന പാര്‍ട്ടിയെ നശിപ്പിക്കാന്‍ നേതാക്കള്‍ തന്നെ ആരുടെയെങ്കിലും ക്വട്ടേഷന്‍ ഏറ്റെടുത്തിട്ടുണ്ടോ ? പാര്‍ട്ടി അണികള്‍ക്കിടയിലും അനുഭാവികള്‍ക്കിടയിലും ഇപ്പോള്‍ ഉയരുന്ന ചോദ്യമാണിത്. 20ല്‍ 19 സീറ്റിലും പരാജയപ്പെട്ട് ആകെ പ്രതിരോധത്തില്‍ നില്‍ക്കുകയാണിപ്പോള്‍ സി.പി.എം. ആറ് നിയമസഭ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കാനും പോകുന്നു.

ഈ ഘട്ടത്തില്‍ ജാഗ്രതയോടെ മുന്നോട്ട് പോകുന്നതിന് പകരം നേതാക്കള്‍ തന്നെ കലം ഉടയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാന കമ്മറ്റി തീരുമാനത്തോടെ അക്കാര്യമിപ്പോള്‍ വ്യക്തമായിരിക്കുകയാണ്.

ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത വിഷയത്തില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണെ മാറ്റാന്‍ പോലും സി.പി.എം തയ്യാറായിട്ടില്ല. ഇത് ഒരിക്കലും കേരളത്തിലെ പ്രതികരണ ശേഷിയുള്ള ജനസമൂഹം അംഗീകരിക്കുന്ന പ്രശ്‌നമേയില്ല.

സി.പി.എം കേന്ദ്ര കമ്മറ്റി അംഗം എം.വി ഗോവിന്ദന്റെ ഭാര്യ ആയതിനാലാണ് പി.കെ ശ്യാമള എന്ന ചെയര്‍പേഴ്സണെതിരെ നടപടി സ്വീകരിക്കാതിരിക്കുന്നത്. പാപഭാരം എല്ലാം മുന്‍സിപ്പല്‍ സെക്രട്ടറിയുടെ തലയില്‍ കെട്ടിവച്ചതും ശരിയായ നടപടിയല്ല. താന്‍ ചെയര്‍പേഴ്‌സന്റെ കസേരയില്‍ ഇരിക്കുന്നിടത്തോളം കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കില്ലെന്ന് പറഞ്ഞത് ശ്യാമളയാണ്. ഇക്കാര്യം ആത്മഹത്യ ചെയ്ത വ്യവസായിയുടെ കമ്യൂണിസ്റ്റ് അനുഭാവിയായ ഭാര്യ തന്നെ തുറന്ന് പറഞ്ഞു കഴിഞ്ഞു. സി.പി.എം കോട്ടയില്‍ ചെയര്‍പേഴ്സണെ ധിക്കരിച്ച് അനുമതി കൊടുക്കാനുള്ള ധൈര്യമൊന്നും മുന്‍സിപ്പല്‍ സെക്രട്ടറിക്കുണ്ടാവില്ല. അക്കാര്യവും ഉറപ്പാണ്. സിപിഎം നേതൃത്വം കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കരുത്.

സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം കൂടിയായ ശ്യാമള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് തന്നെ ഇപ്പോള്‍ അപമാനമാണ്. സി.പി.എം സംസ്ഥാന നേതൃത്വം എത്ര ന്യായീകരിച്ചാലും ശ്യാമളയെ അഭിമാന ബോധമുള്ള ഒരു കമ്യൂണിസ്റ്റും അംഗീകരിക്കില്ല. നിയമവും കോടതിയും ഒക്കെ ഇവിടെ ഉള്ളതിനാല്‍ ആത്മഹത്യ പ്രേരണ കുറ്റത്തിന് ഇന്നല്ലെങ്കില്‍ നാളെ ശ്യാമള പ്രതിയാകുക തന്നെ ചെയ്യും.

സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഇടപെട്ട് പറഞ്ഞിട്ടും ശ്യാമള അത് കേട്ടില്ലെന്ന വെളിപ്പെടുത്തല്‍ മാത്രം മതി സംഘടനാ തലത്തില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍. എന്നാല്‍ ആരോപണ വിധേയരെ സംരക്ഷിക്കുന്ന ഏര്‍പ്പാടാണ് ഇപ്പോള്‍ സി.പി.എം സ്വീകരിച്ചിരിക്കുന്നത്. പി.കെ ശ്യാമളയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്യാന്‍ ഹൈക്കോടതിയുടെ നിലപാട് വരുന്നത് വരെ കാത്തിരിക്കേണ്ട കാര്യമൊന്നുമില്ല. ക്രിമിനല്‍ കേസിന്റെ കാര്യം പൊലീസ് എടുത്തില്ലെങ്കില്‍ കോടതി നോക്കി കൊള്ളും. അതിന് സിപിഎം നേതൃത്വത്തിന്റെ അനുമതി ആവശ്യമില്ല. കമ്മ്യൂണിസ്റ്റു പാര്‍ട്ടികളെ സംബന്ധിച്ച് എക്കാലത്തും വ്യക്തിയല്ല സംഘടനയാണ് പ്രധാനം. ഈ നിലപാടിനാണിപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

കേഡര്‍ പാര്‍ട്ടിയായ സി.പി.എമ്മിന്റെ സംഘടന അടിത്തറ കെട്ടിപ്പൊക്കിയത് തന്നെ അച്ചടക്കത്തില്‍ ഊന്നിയാണ്. ഈ സംഘടന ചട്ടക്കൂടില്‍ നിന്നു കൊണ്ടുതന്നെ ജനകീയ നേതാക്കളായി വളര്‍ന്നവരാണ് എ.കെ.ജിയും ഇ.എം.എസും നായനാരും വി.എസും പിണറായിയുമെല്ലാം. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് ഈ നേതാക്കള്‍ക്ക് പോലും അച്ചടക്ക നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. സ്വയം വിമര്‍ശനപരമായി കാര്യങ്ങളെ കാണുന്നത് കൊണ്ടാണ് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് നിലനില്‍പ്പ് സാധ്യമാകുന്നത്. ചെറിയ തെറ്റുകള്‍ക്ക് പോലും വലിയ ശിക്ഷ നല്‍കുന്ന പാര്‍ട്ടി ശ്യാമളയെ സംരക്ഷിക്കുക വഴി പൊതു സമൂഹത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എന്ത് സന്ദേശമാണ് നല്‍കുന്നത് ?

കോടികള്‍ ചിലവിട്ട് നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു എങ്കില്‍ ഒരിക്കലും സാജന്‍ പാറയിലിന് ആത്മഹത്യ ചെയ്യേണ്ടി വരില്ലായിരുന്നു. ഇവിടെ ശ്യാമളയെ നയിച്ചത് എന്തായിരുന്നു എന്നത് സി.പി.എം ഗൗരവമായി പരിശോധിക്കേണ്ട കാര്യമായിരുന്നു. ആന്തൂര്‍ നഗരസഭയില്‍ നിന്നും ലഭിക്കേണ്ട ഒക്യൂപെന്‍സി സര്‍ട്ടിഫിക്കറ്റിലെ ഒപ്പ് വൈകിയതിന്റെ ഒറ്റ നിമിഷത്തെ നിരാശയല്ല, മാസങ്ങളായി അവര്‍ നടത്തിയ മാനസിക പീഡനമാണ് സാജനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടിരുന്നത്.

സി.പി.എം ജില്ലാ സെക്രട്ടറിയുടെ കസേരയിലിരുന്ന് ജയരാജന്‍ നല്‍കിയ നിര്‍ദ്ദേശം ശ്യാമള ധിക്കരിച്ചത് എന്തിനായിരുന്നു എന്ന് അറിയാനുള്ള അവകാശം ലക്ഷക്കണക്കിന് വരുന്ന സി.പി.എം അനുഭാവികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉണ്ട്. കേരളം കാതോര്‍ത്തതും ഈ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു. എന്നാല്‍ ശ്യാമളയെ സംരക്ഷിക്കുക വഴി കമ്യൂണിസ്റ്റ് മൂല്യങ്ങളാണ് സിപിഎം നേതൃത്വം ഇല്ലാതാക്കിയിരിക്കുന്നത്.

ഭര്‍ത്താവ് കേന്ദ്ര കമ്മറ്റി അംഗമാണ് എന്നത് ശ്യാമളയ്ക്ക് പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ നിര്‍ദ്ദേശം ധിക്കരിക്കാനുള്ള ലൈസന്‍സല്ല. ഇവിടെ ജയരാജന്‍ വ്യക്തിയല്ല സംഘടനയാണ്. പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലാണ് സാജന്‍ ജയരാജന് പരാതി നല്‍കിയിരുന്നത്. ജയരാജന്‍ ഇടപെട്ടതും സംഘടനാപരമായി തന്നെയാണ്.

എതിരാളികള്‍ക്ക് എതിരായി നിര്‍ത്താന്‍ സ്ഥാനാര്‍ത്ഥികളെ പോലും നല്‍കാതെ ചുവപ്പണിഞ്ഞ നാടാണ് ആന്തൂര്‍. ഇവിടെ നഗരസഭ അധ്യക്ഷ നടപ്പാക്കേണ്ടിയിരുന്നത് വ്യക്തിപരമായ താല്‍പ്പര്യമല്ല, ന്യായവും നീതിയും ആയിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ സാജന്‍ പാറയിലിന് ആത്മഹത്യ ചെയ്യേണ്ടി വരില്ലായിരുന്നു.

ഈ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാതിരിക്കുന്നതിന് നഗരസഭ നിരത്തിയ വാദങ്ങളെല്ലാം പൊളിഞ്ഞു കഴിഞ്ഞു. അതു കൊണ്ട് തന്നെയാണ് നഗരസഭ സെക്രട്ടറി അടക്കമുള്ളവര്‍ സസ്പെന്‍ഷനിലായിരിക്കുന്നത്. നടപടി ഉദ്യോഗസ്ഥരില്‍ മാത്രം ഒതുക്കുന്നതിന് സി.പി.എം വലിയ വില തന്നെ നല്‍കേണ്ടി വരും. ശ്യാമളയെ സംരക്ഷിക്കുന്നത് വഴി കേരളത്തിലെ കമ്യൂണിസ്റ്റുകാരുടെ ആത്മാഭിമാനത്തിനാണ് നേതൃത്വം പോറലേല്‍പ്പിച്ചിരിക്കുന്നത്.

മകനെതിരായ കേസില്‍ പ്രതിരോധത്തിലായ പാര്‍ട്ടി സെക്രട്ടറിക്ക് ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യയെ സംരക്ഷിക്കേണ്ട ഗതികേട് ഉണ്ടായേക്കാം. മറ്റു മുതിര്‍ന്ന നേതാക്കള്‍ക്കും ഉണ്ടാകും മറ്റുചില കടപ്പാടുകള്‍. പക്ഷേ സി.പി.എം അണികള്‍ക്ക് ആ ബാധ്യതയുണ്ടാകില്ല. അക്കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. കേഡര്‍ പാര്‍ട്ടി എന്നു പറഞ്ഞാല്‍ എന്തും അടിച്ചേല്‍പ്പിക്കാന്‍ ഉള്ളതല്ല. നവ മാധ്യമങ്ങളുടെ പുതിയ കാലത്ത് ആ ചെപ്പടി വിദ്യയൊന്നും ഇനി നടക്കാന്‍ പോകുന്നില്ല. സ്വയം നന്നാവാതെ ജനങ്ങളുമായി ബന്ധം മെച്ചപ്പെടുത്താന്‍ ഇറങ്ങിയാല്‍ പാര്‍ട്ടി നേതാക്കളും ഇനി നാറും.

ഗൃഹ സമ്പര്‍ക്കത്തിനായി വീടുകളില്‍ എത്തുന്ന സി.പി.എം സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്. ചാണകവെള്ളം കൊണ്ടായിരിക്കും ചിലപ്പോള്‍ നിങ്ങള്‍ക്ക് സ്വീകരണം ലഭിക്കുക. പാര്‍ട്ടി അണികള്‍ക്കും അനുഭാവികള്‍ക്കും ബോധ്യപ്പെടാത്തത് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് വിഢിത്തമാണ്.

ആദ്യം സി.പി.എം നേതൃത്വത്തില്‍ വലിയ ഒരു ശുദ്ധീകരണം നടത്തണം. എങ്കില്‍ മാത്രമേ ഇനി ഈ പാര്‍ട്ടി രക്ഷപ്പെടുകയുള്ളു. ‘ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാന്‍ പറ്റുകയുള്ളൂ’ എന്ന് നേതാക്കള്‍ മനസ്സിലാക്കണം. അല്ലെങ്കില്‍ അണികള്‍ മനസ്സിലാക്കി കൊടുക്കണം. ഒരു നേതാവിന്റെയും കുത്തകയല്ല ഈ പാര്‍ട്ടി, അനവധി രക്തസാക്ഷികളുടെ ചോരയില്‍ കെട്ടിപ്പടുത്തതാണ് ഈ ചെങ്കൊടി പ്രസ്ഥാനം, അത് മറക്കരുത്.

Team Express kerala

Top