പുതിയ കാലത്ത് പഴയ അച്ചടക്ക ‘വാൾ’ പ്രയോഗിക്കാൻ ശ്രമിച്ചാൽ തിരിച്ചടിക്കും

ത്രവിമര്‍ശിച്ചാലും ആര് വിമര്‍ശിച്ചാലും നന്നാവാത്ത പാര്‍ട്ടിയായി ഒരിക്കലും ഒരു കമ്യൂണിസ്റ്റു പാര്‍ട്ടിയും മാറരുത്. പാര്‍ട്ടി അണികള്‍ മാത്രമല്ല നല്ലൊരു വിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നത് അതാണ്. ഇവിടെ തെറ്റുപറ്റാത്തതായ ഒരു പാര്‍ട്ടിയും വ്യക്തിയും ഇല്ല. തെറ്റ് തിരുത്തി മുന്നോട്ട് പോകുന്നതിലാണ് ഉയര്‍ന്ന സംഘടനാ ബോധം കാണിക്കേണ്ടത്.

പ്രത്യയ ശാസ്ത്രപരമായും സംഘടനാപരമായും കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കുള്ള കെട്ടുറപ്പ് നഷ്ടമായാല്‍ ചുവപ്പിന്റെ അസ്തമയമാണ് ഉണ്ടാകുക. നവ മാധ്യമങ്ങളുടെ പുതിയ കാലത്ത് അച്ചടക്കത്തിന്റെ വാള്‍ പ്രയോഗിച്ച് മാത്രം എതിര്‍ ശബ്ദങ്ങളെ നിശബ്ദരാക്കാന്‍ കഴിയില്ല. തിരുത്തല്‍ നടപടി സ്വീകരിക്കാതെ മുന്നോട്ട് പോയാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് തന്നെ നിലനില്‍പ്പുണ്ടാകില്ല. ഇക്കാര്യം സി.പി.എം നേതൃത്വം ഓര്‍ക്കുന്നത് നല്ലതാണ്.

ഇവിടെ ആന്തൂര്‍ വിഷയത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ ഘടകത്തിന് മീതെ ഏകപക്ഷീയമായ ഒരു നിലപാടാണ് സംസ്ഥാന കമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്. കണ്ണൂരിലെ സാധാരണ ഒരു പാര്‍ട്ടി അനുഭാവി മുതല്‍ ജില്ലാ കമ്മറ്റിയിലെ ബഹു ഭൂരിപക്ഷത്തിനും വരെ അറിയാം യാഥാര്‍ഥ്യം എന്താണെന്ന്. എന്നാല്‍ ഇതൊന്നും പരിശോധിക്കാതെ ഏകപക്ഷീയമായി നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്യാമളക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയാണ് സി.പി.എം സംസ്ഥാന കമ്മറ്റി ചെയ്തിരിക്കുന്നത്. ഇത് കഷ്ടമാണ്. പാര്‍ട്ടി സംഘടനാ രീതിക്ക് എതിരുമാണ്. തെറ്റ് ഏത് ഉന്നത നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായാലും അതിനെതിരെ നടപടി സ്വീകരിച്ച പാരമ്പര്യമുള്ള പാര്‍ട്ടിയാണ് സി.പി.എം. രാജ്യത്തെ മറ്റൊരു പാര്‍ട്ടിക്കും അവകാശപ്പെടാനില്ലാത്ത ചങ്കൂറ്റമാണിത്.

സാജന്‍ പാറയില്‍ എന്ന വ്യവസായിയുടെ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാത്തതിന് ഉദ്യോഗസ്ഥരെ മാത്രം പഴി ചാരിയിട്ട് കാര്യമില്ല. ഉദ്യോഗസ്ഥര്‍ക്ക് തോന്നിയതു പോലെ പ്രവര്‍ത്തിക്കനല്ല നഗരസഭ ഭരണസമിതി പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ ഭരണസമിതിക്ക് വീഴ്ച പറ്റിയെന്നുള്ള ജില്ലാ നേതൃത്വത്തിന്റെ നിലപാടാണ് ശരി. അത് പി.ജയരാജന്‍ പറഞ്ഞാലും എം.വി ജയരാജന്‍ പറഞ്ഞാലും മറ്റ് ഏത് നേതാവ് പറഞ്ഞാലും നിഷേധിക്കേണ്ട കാര്യമില്ല.

ഈ വിഷയത്തില്‍ മുന്‍പ് പി.ജയരാജന്‍ ഇടപെട്ട് നിര്‍ദ്ദേശം നല്‍കിയിട്ടും ശ്യാമള അനുസരിക്കാത്തതാണ് പാര്‍ട്ടി ഘടകങ്ങള്‍ പരിശോധിക്കേണ്ടിയിരുന്നത്. സി.പി.എം ജില്ലാ കമ്മറ്റി അംഗമായ ശ്യാമള ഫലപ്രദമായി ഇടപെട്ടിരുന്നു എങ്കില്‍ ഒരു ആത്മഹത്യ ഒഴിവാക്കാമായിരുന്നു. ഉദ്യോഗസ്ഥര്‍ താന്‍ പറഞ്ഞത് കേട്ടില്ലെന്നാണ് ശ്യാമളയുടെ മറുപടിയെങ്കില്‍ കേരളം അത് പുച്ഛിച്ച് തള്ളും. പറഞ്ഞാല്‍ കേള്‍ക്കാത്ത ഉദ്യാഗസ്ഥനെ നിലനിര്‍ത്തി പിന്നെ എന്തിനു മുന്നോട്ട് പോയി എന്ന ചോദ്യത്തിന് മറുപടി പറയേണ്ടിയും വരും.

മുഖ്യമന്ത്രി പിണറായിയെ ധിക്കരിച്ച് ഇവിടെ പ്രവര്‍ത്തിക്കാന്‍ ചീഫ് സെക്രട്ടറിയോ പൊലീസ് മേധാവിയോ ധൈര്യപ്പെടുമോ ? അങ്ങനെ അവര്‍ ധൈര്യപ്പെട്ടാല്‍ എന്താകും അവസ്ഥ എന്ന് ശ്യാമളയെ അനുകൂലിക്കുന്നവര്‍ ചിന്തിച്ച് നോക്കുക. ഇവിടെ പിണറായിയെ പോലെ കര്‍ക്കശക്കാരനായില്ലെങ്കിലും ഒരു കമ്യൂണിസ്റ്റായി ശ്യാമളക്ക് പ്രവര്‍ത്തിക്കാമായിരുന്നു. അത് ചെയ്തിരുന്നുവെങ്കില്‍ സാജന് നീതി ലഭിക്കുമായിരുന്നു. സി.പി.എം കേന്ദ്ര കമ്മറ്റി അംഗത്തിന്റെ ഭാര്യ ആയതിനാല്‍ കൂടുതല്‍ ഉയര്‍ന്ന ബോധമാണ് നിങ്ങളില്‍ നിന്നും സഖാക്കളും പ്രതീക്ഷിച്ചിരുന്നത്.

കണ്ണൂരില്‍ സി.പി.എമ്മില്‍ വിഭാഗീയതയുണ്ടോ, ഗ്രൂപ്പുകള്‍ ഉണ്ടോ, അതിന്റെ ഭാഗമാണോ ശ്യാമളയുടെ ഈ നിലപാട് എന്ന കാര്യത്തിലൊന്നും തല്‍ക്കാലം അഭിപ്രായം പറയുന്നില്ല. എന്നാല്‍ ഗ്രൂപ്പുണ്ടാക്കാന്‍ എത് നേതാവ് ശ്രമിച്ചാലും അവര്‍ ഒടുവില്‍ പുറത്ത് പോകേണ്ടി വരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതു പോലെ തന്നെ തെറ്റുകളുടെ കൂടെ എത്ര ഉന്നതനായ നേതാക്കള്‍ നിന്നാലും ശരിയുടെ കൂടെ അണികള്‍ നില്‍ക്കുമെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

സി.പി.എം അനുഭാവികളുടെയും പ്രവത്തകരുടെയും ചിന്താശക്തി പാര്‍ട്ടി മാധ്യമങ്ങളുടെ നിലപാടിന് അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ കൈവശമുള്ള ഓരോ വ്യക്തിയും പുതിയ കാലത്ത് മാധ്യമ പ്രവര്‍ത്തകരാണ്. അത് സി.പി.എം അനുഭാവികളായാലും മറ്റേത് പാര്‍ട്ടിയില്‍പ്പെട്ടവരായാലും അങ്ങനെ തന്നെയാണ്. പാര്‍ട്ടി നിലപാടുകള്‍ക്കപ്പുറം തങ്ങള്‍ക്ക് ബോധ്യമായ ശരിയുടെ നിലപാടുകളാണ് അവര്‍ പ്രചരിപ്പിക്കുന്നത്.

ഇപ്പോള്‍ പി.ജെ ആര്‍മി എന്ന ഒരു ഫെയ്‌സ് ബുക്ക് പേജിനെതിരെ നടക്കുന്ന വിമര്‍ശനങ്ങളും ശരിയായതല്ല. ഈ ഫെയ്‌സ് ബുക്ക് പേജ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അനുകൂലമായി ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. പി. ജയരാജനു വേണ്ടി അണികളില്‍ ആവേശം തീര്‍ത്ത പേജാണിത്. ഒരു പാര്‍ട്ടി വിരുദ്ധ നിലപാടും പി.ജെ ആര്‍മി ഉയര്‍ത്തി പിടിച്ചിട്ടില്ല, അത്തരമൊരു വാദം സി.പി.എം പ്രവര്‍ത്തകര്‍ക്കുണ്ടാകുമെന്നും തോന്നുന്നില്ല. എന്നിട്ടും അതിന്റെ അഡ്മിന്‍ ഇപ്പോള്‍ പരസ്യമായി മാപ്പു പറഞ്ഞു കഴിഞ്ഞു.

ഉയര്‍ന്ന കമ്യൂണിസ്റ്റ് മൂല്യം ശ്യാമള ഉയര്‍ത്തി പിടിച്ചില്ലെങ്കിലും പി.ജെ ആര്‍മി ഉയര്‍ത്തി പിടിച്ചു. പോരാളി ഷാജി എന്ന ഫെയ്‌സ് ബുക്ക് പേജില്‍ വന്ന ഒരു പോസ്റ്റ് ഷെയര്‍ ചെയ്തതിലായിരുന്നു ഈ കുറ്റസമ്മതം. ഒരിക്കലും പി.ജെ ആര്‍മിക്ക് ഇങ്ങനെ ക്ഷമാപണം നടത്തേണ്ട കാര്യമുണ്ടായിരുന്നില്ല. കാരണം പോരാളി ഷാജിയുടെ പോസ്റ്റില്‍ ഒരു തെറ്റും ഉണ്ടായിരുന്നില്ല. ആന്തൂര്‍ വിഷയത്തില്‍ ആ പേജ് സ്വീകരിച്ച നിലപാടും ശരിയായിരുന്നു. എന്നിട്ടും പി.ജെ.ആര്‍മി ക്ഷമ പറഞ്ഞത് പി ജയരാജന്റെ കൂടി അഭ്യര്‍ത്ഥന മാനിച്ചായിരുന്നു. അതിന് മുന്‍പ് തന്നെ വിവാദ പോസ്റ്റും ഡിലിറ്റ് ചെയ്തിരുന്നു. പി.ജെ.ആര്‍മി എന്ന പേര് മാറ്റാന്‍ നോക്കിയിട്ട് പറ്റുന്നില്ലെന്നും ശ്രമം തുടരുകയാണെന്നും അഡ്മിന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ വ്യക്തമാകുന്നത് പി.ജെ ആര്‍മി എന്ന പേജിന്റെ ഉയര്‍ന്ന ബോധം തന്നെയാണ്. പേര് മാറ്റാനും പോസ്റ്റ് മാറ്റാനും സൗകര്യമില്ല എന്ന് അഡ്മിന്‍ പറഞ്ഞിരുന്നു എങ്കില്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റുമായിരുന്നില്ല. കാരണം പി.ജെ എന്നത് പി.ജയരാജനാണ് എന്ന് തെളിയിക്കാന്‍ ഒരിക്കലും പറ്റുകയില്ല. സി.പി.എം നേതൃത്വത്തിന് വെറുതെ വാദിച്ച് സായൂജ്യമടയാം എന്ന് മാത്രം.

സമൂഹമാധ്യമങ്ങളുടെ വികാരം ജനവികാരമാണ് എന്ന് തിരിച്ചറിയാന്‍ പറ്റാത്തതാണ് സി.പി.എം നേതൃത്വത്തിന്റെ തെറ്റ്. സി.പി.എം മുഖപത്രമായ ദേശാഭിമാനിക്കോ കൈരളിക്കോ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്വീകാര്യത സി.പി.എം അനുകൂല ഫെയ്‌സ് ബുക്ക് പേജുകള്‍ക്ക് ലഭിക്കുന്നുണ്ട്. അത് പി.ജെ. ആര്‍മി ആയാലും പോരാളി ഷാജി ആയാലും സൈബര്‍ കമ്യൂണ്‍ ആയാലും സ്വീകാര്യത വളരെ വലുതാണ്.

പാര്‍ട്ടി സ്ഥാപനത്തില്‍ നിന്നും ശബളം വാങ്ങിയല്ല, ഈ അഡ്മിനുകളൊന്നും പ്രവര്‍ത്തിക്കുന്നത്. നവമാധ്യമങ്ങളുടെ പുതിയ കാലത്ത് ഒരു കമ്യൂണിസ്റ്റുകാരന്‍ ചെയ്യേണ്ട കടമയാണിത്. അതു കൊണ്ടു തന്നെ പാര്‍ട്ടി അച്ചടക്കം, ചട്ടക്കൂട് എന്നിവ ഒന്നും ഇവയ്ക്ക് ബാധകവുമല്ല. സി.പി.എം അനുഭാവികളാണ് ഈ പേജുകളില്‍ ബഹു ഭൂരിപക്ഷവും. അവര്‍ തന്നെയാണല്ലോ ചെങ്കൊടിയുടെ അടിത്തറയും.

പാര്‍ട്ടി അച്ചടക്കം പാലിക്കാന്‍ നിര്‍ബന്ധിതരാകുന്ന പാര്‍ട്ടി അംഗങ്ങള്‍ ഈ പേജുകയില്‍ താരതമ്യേന കുറവായതിനാല്‍ അച്ചടക്കത്തിന്റെ വാള്‍ വീശാന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കും. ഇഷ്ടമില്ലാത്തവരെ ഒരു ഫെയ്‌സ് ബുക്ക് അഡ്മിനും പിടിച്ചു വയ്ക്കാറില്ല. അവര്‍ക്ക് ഈ പേജുകളില്‍ നിന്നും സ്വമേധയാ പിന്‍വാങ്ങാവുന്നതാണ്. ശ്യാമളക്കെതിരായി പോസ്റ്റിട്ടിട്ടും ആരും അത് ചെയ്യാത്തത് ഈ സൈബര്‍ ഗ്രൂപ്പുകള്‍ ചെയ്യുന്നത് ശരിയാണ് എന്നത് കൊണ്ടു മാത്രമാണ്. എതിരാളികളെ കടന്നാക്രമിക്കാന്‍ സി.പി.എം അനുഭാവികളുടെ കുന്തമുനയായി പ്രവര്‍ത്തിക്കുന്ന പേജുകളാണിവ.

ഈ പ്രതിഷേധം ഇപ്പോള്‍ ശ്യാമളക്കെതിരെയും തിരിഞ്ഞിട്ടുണ്ടെങ്കില്‍ അതിന് പരിഹാരം ശ്യാമളക്കെതിരായ നടപടിയാണ്. അതല്ലാതെ ഫെയ്‌സ് ബുക്ക് പോസ്റ്റ് നീക്കം ചെയ്തതു കൊണ്ട് പാര്‍ട്ടി അനുഭാവികളുടെ മനസ്സിലേറ്റ പോറല്‍ മാറില്ല. ഇക്കാര്യം സി.പി.എം നേതൃത്വം മനസ്സിലാക്കണം.പാര്‍ട്ടി സംസ്ഥാന കമ്മറ്റി എടുക്കുന്ന തീരുമാനം അനുസരിക്കേണ്ട ബാധ്യത സി.പി.എം അണികള്‍ക്കുണ്ട്. അതു പക്ഷേ താഴെ തട്ടിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ആവണമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ശ്യാമള ഈ പാര്‍ട്ടിയില്‍ തന്നെ കാണുമായിരുന്നില്ല.

ഇപ്പോള്‍ ഏകപക്ഷീയമായി സംസ്ഥാന കമ്മറ്റി ശ്യാമളയെ വെള്ള പൂശിയിരിക്കുകയാണ്. ഇനി ചര്‍ച്ചകള്‍ എല്ലാം പ്രഹസനമാകും എന്ന് ഉറപ്പ്. ഇവിടെ കേന്ദ്ര കമ്മറ്റി അംഗത്തിന്റെ ഭാര്യയല്ല ചെയര്‍പേഴ്‌സണ്‍ എങ്കില്‍ എപ്പോഴേ തെറിക്കുമായിരുന്നു. നേതാവിനും നേതാവിന്റെ ഭാര്യക്കും ഒരു നിയമം, പാവം പാര്‍ട്ടി സഖാക്കള്‍ക്ക് മറ്റൊരു നിയമവും, ഇതെന്ത് ഏര്‍പ്പാടാണ് എന്ന് സി.പി.എം നേതൃത്വം തന്നെ വിശദീകരിക്കണം.

ശ്യാമളക്കെതിരെ പാര്‍ട്ടി തലത്തില്‍ നടപടി സ്വീകരിക്കേണ്ടത് അനിവാര്യത തന്നെയാണ്. ഇപ്പോഴും ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിരുന്ന് അവര്‍ വെല്ലുവിളിക്കുന്നത് ചെങ്കൊടിയുടെ അഭിമാനത്തെയാണ്. അതിന് കൂട്ട് നില്‍ക്കുന്നതും സംരക്ഷണം ഒരുക്കുന്നതും ആരായാലും അവരുടെ നിലപാട് ചുവപ്പ് രാഷ്ട്രീയത്തിന് ഒരിക്കലും ഗുണകരമാകില്ല.

വ്യക്തികള്‍ പാര്‍ട്ടിയേക്കാള്‍ വളര്‍ന്ന് ബിംബങ്ങളാകേണ്ട, പക്ഷേ പാര്‍ട്ടിയുടെ വളര്‍ച്ചക്ക് പ്രതിബിംബമാവുക തന്നെ വേണം. അരിവാള്‍ ചുറ്റിക നക്ഷത്രത്തിന് അധികാര കസേരയില്‍ ഇരുന്ന് ഭരിക്കാന്‍ കഴിയില്ല, അവിടെ വ്യക്തികള്‍ക്കേ കഴിയൂ. അത്തരം വ്യക്തികള്‍ ബിംബങ്ങളാകുന്നെങ്കില്‍ അത് പാര്‍ട്ടിക്കാണ് ഒടുവില്‍ ഗുണം ചെയ്യുക. എ.കെ.ജിയും ഇ.എം.എസും. നായനാരും വി.എസും പിണറായിയും എല്ലാം ആ അര്‍ത്ഥത്തില്‍ ബിംബങ്ങള്‍ തന്നെയായിരുന്നു. ഈ ജനനേതാക്കള്‍ക്കു വേണ്ടി ഉയരുന്ന മുഷ്ടികള്‍ ചെങ്കൊടിക്കുള്ള ഐക്യദാര്‍ഢ്യം കൂടിയാണ്.

ജനനേതാക്കളുടെ പ്രവര്‍ത്തന ഫലമായി ഉണ്ടാകുന്നത് കൂടിയാണ് പാര്‍ട്ടിയുടെ ജനകീയ അടിത്തറ. പാര്‍ട്ടിയേക്കാള്‍ വലുതാവാന്‍ ഇവിടെ ആരും ശ്രമിച്ചിട്ടില്ല. പാര്‍ട്ടിയുടെ മാനം കാക്കാനാണ് ശ്രമിച്ചിരിക്കുന്നത്. അതിനെ തള്ളിപ്പറയുന്നത് ഒരിക്കലും ഇടതുപക്ഷ രാഷ്ട്രീയത്തിന് ചേര്‍ന്ന നടപടിയല്ല. ഇക്കാര്യം ഇന്നല്ലെങ്കില്‍ നാളെ സി.പി.എമ്മിന് തിരുത്തേണ്ടി വരും. അക്കാര്യം ഉറപ്പാണ്.

Express View

Top