കലാലയങ്ങളിലെ മനുഷ്യാവകാശ ലംഘനം; ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

കൊച്ചി; തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് രൂപീകരിച്ച സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന്‍ കലാലയങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട തെളിവെടുപ്പ് നടത്തി.

കോളേജുകളിലെ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍, തെരഞ്ഞെടുപ്പ്, അക്കാദമിക അന്തരീക്ഷം, വിദ്യാര്‍ത്ഥി പ്രവേശനം, പരീക്ഷാനടത്തിപ്പ്, സര്‍ഗ്ഗപ്രവര്‍ത്തനങ്ങള്‍ എന്നിവ സര്‍വ്വകലാശാല ചട്ടങ്ങള്‍ക്കും ജനാധിപത്യരീതികള്‍ക്കും അനുസരിച്ചാണോ നടക്കുന്നത് എന്നും അധ്യാപക-രക്ഷാകര്‍ത്തൃ സമിതികള്‍ ശരിയായ രീതിയില്‍ കലാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നുമുള്ള കാര്യങ്ങളും സിറ്റിങ്ങില്‍ ചര്‍ച്ചയായി.

രാവിലെ എറണാകുളം ഗവ.റെസ്റ്റ് ഹൗസില്‍ വച്ച് നടന്ന തെളിവെടുപ്പില്‍ കെ.എസ്.യു, എ.ബി.വി.പി, ഫ്രറ്റേണിറ്റി, എ.ഐ.ഡി.എസ്.ഒ, പി.എസ്.യു തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളും പ്രൊഫസര്‍ കെ അരവിന്ദാക്ഷന്‍, പിടി തോമസ് എംഎല്‍എ, കെ റെജി കുമാര്‍, അഡ്വ: പി. കെ സജീവന്‍ തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.

ക്യാമ്പസില്‍ രാഷ്ട്രീയം നിരോധിക്കുകയല്ല ജനാധിപത്യപരമായ ക്യാമ്പസ് പുനര്‍ സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് പി ടിതോമസ് എംഎല്‍എ അഭിപ്രായപ്പെട്ടു. കലാലയങ്ങളിലെ യൂണിയന്‍ പ്രവര്‍ത്തനം ജനാധിപത്യപരമായി നടക്കുന്നു എന്ന് ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് മഹാരാജാസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ കെ അരവിന്ദാക്ഷനും ആവശ്യപ്പെട്ടു.

സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന്റെ കാലാവധി രണ്ടു മാസമാണ്. അടുത്ത ഘട്ടമായി കോഴിക്കോടും തെളിവെടുപ്പ് നടത്തുമെന്നും, ജൂലൈ അവസാനം റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതായിരിക്കുമെന്നും ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ വ്യക്തമാക്കി. കമ്മീഷന്‍ അംഗങ്ങളായ പ്രൊഫസര്‍ എ. ജി ജോര്‍ജ്, പ്രൊഫസര്‍ എസ് വര്‍ഗീസ് എന്നിവരും സിറ്റിംഗില്‍ പങ്കെടുത്തു .

Top