വിശ്വസിച്ചാല്‍ സംരക്ഷിക്കും,ചതിച്ചാല്‍ ദ്രോഹിക്കും; സിപിഎം നയം വ്യക്തമാക്കി പി.കെ.ശശി

ഷൊര്‍ണൂര്‍: പാര്‍ട്ടിയെ വിശ്വസിച്ചാല്‍ സംരക്ഷിക്കുമെന്നും ചതിച്ചിട്ട് പോയാല്‍ ദ്രോഹിക്കുമെന്നതുമാണ് പാര്‍ട്ടി നയമെന്ന് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും ഷൊര്‍ണൂര്‍ എംഎല്‍എയുമായ പി.കെ.ശശി. പാലക്കാട് കരിമ്പുഴയില്‍ ലീഗില്‍നിന്ന് രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നവരോടായിരുന്നു ശശി നിലപാട് അറിയിച്ചത്.

‘പാര്‍ട്ടിക്കൊപ്പം നിന്നാല്‍ പൂര്‍ണ സഹായവും സുരക്ഷിതത്വവും നല്‍കും. എന്നാല്‍ പാര്‍ട്ടിയെ ചതിച്ചുപോയാല്‍ ദ്രോഹിക്കും. അത് പാര്‍ട്ടിയുടെ ഒരു നയമാണ്. പ്രത്യേകിച്ച് ഞങ്ങളൊക്കെ ആ നിലപാടാണ് സ്വീകരിക്കുന്നത്’- ശശി പറഞ്ഞു.

കരിമ്പുഴ പഞ്ചായത്ത് പതിനാറാം വാര്‍ഡ് അംഗവും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ രാധാകൃഷണന്റെ നേതൃത്വത്തില്‍ അന്‍പതു പേരാണ് മുസ്ലീം ലീഗില്‍ നിന്ന് രാജിവെച്ച് കഴിഞ്ഞദിവസം സിപിഎമ്മില്‍ ചേര്‍ന്നത്. ഇവര്‍ക്ക് അഭിവാദ്യം നല്‍കാനായി സംഘടിപ്പിച്ച യോഗത്തിനായിട്ടാണ് പി.കെ.ശശി എത്തിയത്.

ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെ ഇരുപതിലധികം പേരേ പങ്കെടുപ്പിച്ചുളള എംഎല്‍എയുടെ പാര്‍ട്ടിപ്രവര്‍ത്തനത്തിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. അതേ സമയം ശശിയുടെ പ്രസ്താവന സംബന്ധിച്ചോ പരിപാടി നടത്തിയതുമായി ബന്ധപ്പെട്ടോ പാര്‍ട്ടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Top