ജലീല്‍ അധികാരത്തില്‍ അള്ളിപിടിച്ച് ഇരിക്കുന്നത് ശരിയല്ല; കുഞ്ഞാലിക്കുട്ടി

kunjalikutty

തിരുവനന്തപുരം: ശിവശങ്കറിനും ജയരാജനും ബാധകമായ നിയമം മന്ത്രി കെ.ടി.ജലീലിനും ബാധകമല്ലേയെന്ന് മുഖ്യമന്ത്രി പറയണമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. യുഡിഎഫിന്റെ കാലത്ത് സമാന സാഹചര്യങ്ങളുണ്ടായപ്പോള്‍ ആരും അള്ളിപിടിച്ച് ഇരുന്നിട്ടില്ല. എല്ലാവരും രാജിവെക്കുകയാണ് ഉണ്ടായിട്ടുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കൊണ്ടുവന്നു എന്നത് ചെറിയ കാര്യമല്ല. കെ.ടി.ജലീല്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കണം. മാര്‍ക്കുദാനമടക്കം ഒട്ടേറെ ആരോപണങ്ങളുള്ള ജലീല്‍ അധികാരത്തില്‍ അള്ളിപിടിച്ചിരിക്കുന്നത് ശരിയല്ല. രാജിവെക്കേണ്ടതാണ്. സര്‍ക്കാരും പാര്‍ട്ടിയും ഇക്കാര്യത്തില്‍ കേരള ജനതയോട് വിശദീകരണം നല്‍കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സിപിഎമ്മിന്റെ നേരത്തെയുള്ള നിലപാട് ഒരു മന്ത്രിക്കെതിരെ ആരോപണം വന്നാല്‍ ഇത്രയൊന്നും കാത്ത് നില്‍ക്കാറില്ല. എന്നാലിപ്പോള്‍ അവരുടെ നിലപാടിലൊക്കെ മാറ്റം വന്നു. യുഎപിഎ യുടെ കാര്യത്തിലടക്കം ഇത് നാം കണ്ടതാണ്. എന്തോ ഒരു ജീര്‍ണത സിപിഎമ്മിനുണ്ടായിട്ടുണ്ട്. അഴിമതി നിറഞ്ഞിരിക്കുന്നു.

യുഡിഎഫ് ഈ വിഷയം വളരെ ശക്തമായി മുന്നോട്ടുകൊണ്ടുപോകും. മന്ത്രി രാജിവെക്കുന്നത് വരെ സമരം തുടരുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Top