അപ്പം ചുട്ടെടുക്കുന്നത് പോലെയാണ് പാര്‍ലമെന്റില്‍ ബില്‍ പാസാക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസില്ലാതെ ബിജെപിയെ പ്രതിരോധിക്കാന്‍ സാധ്യമല്ലെന്ന് മുതിര്‍ന്ന ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിക്കൊണ്ട് കേന്ദ്രത്തില്‍ മറ്റാര്‍ക്കും മുന്നോട്ട് പോവാന്‍ സാധിക്കില്ലെന്ന വസ്തുതയും എല്ലാവരും ഉള്‍ക്കൊളളണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സിപിഐഎമ്മിന് സ്വാധിനം കേരളത്തിലാണ് എന്നാല്‍ കേരളം വിചാരിച്ചാല്‍ ഇന്ത്യ ഭരിക്കാന്‍ സാധിക്കുമോ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. മലപ്പുറത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

”കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ഭരിക്കാന്‍ സാധിക്കില്ലെന്നത് വസ്തുതയാണ്. കാരണം ഇപ്പോഴും പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തന്നെയാണ് ഭരിക്കുന്നത്. സിപിഐഎമ്മിന് കേരളത്തിലാണ് സ്വാധീനം. എന്നാല്‍ കേരളം മാത്രം വിചാരിച്ചാല്‍ ഇന്ത്യ ഭരിക്കാന്‍ പറ്റുമോ അതിനാല്‍ കോണ്‍ഗ്രസ് ഇല്ലാതെ ഭരിക്കാന്‍ പറ്റുമെന്ന് പറയുന്നത് ശരിയല്ല” എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബംഗാളില്‍ സിപിഐഎം കോണ്‍ഗ്രസിനെ കൂട്ടിയാണ് മുന്നോട്ട് പോകുന്നത്. തമിഴ്നാട്ടില്‍ കോണ്‍ഗ്രസുമായും ലീഗുമായും സഹകരിച്ചാണ് സിപിഐഎം പ്രവര്‍ത്തിക്കുന്നത്. ഇതൊക്കെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും, വരമ്പത്ത് കയറി അഭിപ്രായം പറയുന്നത് യാഥാര്‍ത്ഥ്യമാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

”പാര്‍ലമെന്റില്‍ ഞങ്ങളുടെ ലീഗ് എം പിമാരൊക്കെ ഏക സിവില്‍ കോഡ് പാസാക്കുമോയെന്ന് അറിയാന്‍ കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു. അവര്‍ക്ക് ഊണ്‍ കഴിക്കാന്‍ പോലും സമയമില്ല. ചിലപ്പൊ ഊണ് കഴിക്കാന്‍ പോകുമ്പോഴായിരിക്കും ബില്‍ അവതരിപ്പിക്കുക. അപ്പം ചുട്ടെടുക്കുന്നത് പോലെ ബില്‍ പാസാക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളത്” കുഞ്ഞാലിക്കുട്ടി പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികളില്‍ മുസ്ലിം ലീഗ് പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് പറഞ്ഞത് തന്നെയാണ് മുസ്ലിം ലീഗിന്റെയും നിലപാട്. സര്‍ക്കാര്‍ വാര്‍ഷികാഘോഷ പരിപാടികളില്‍ പ്രതിപക്ഷം പങ്കെടുക്കാതെയിരിക്കുന്നത് ഇത് ആദ്യമല്ല. റമദാന്‍ മാസത്തില്‍ സില്‍വര്‍ ലൈന്‍ കല്ലിടല്‍ ഒഴിവാക്കേണ്ടത് സര്‍ക്കാര്‍ തീരുമാനിക്കേണ്ട കാര്യമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Top