നാട്ടില്‍ തിരിച്ചെത്തുന്ന മലയാളികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ സൗകര്യം ഒരുക്കി കൊടുക്കണം

മലപ്പുറം: നാട്ടില്‍ തിരിച്ചെത്തുന്ന മലയാളികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം സര്‍ക്കാര്‍ ഒരുക്കി കൊടുക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ജോലി നഷ്ടപ്പെട്ട് ഭക്ഷണത്തിന് പോലും വകയില്ലാതെ പിരിവെടുത്ത് ടിക്കറ്റെടുത്ത് നാട്ടില്‍ വരുന്നവര്‍ എങ്ങനെ നാട്ടിലെത്തി സ്വന്തം ചെലവില്‍ ക്വാറന്റൈനില്‍ കഴിയുമെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു.

അതിനാല്‍ ക്വാറന്റൈന്‍ സൗകര്യം സര്‍ക്കാര്‍ തന്നെ ഒരുക്കണമെന്നും അതിന് കഴിയില്ലെങ്കില്‍ സര്‍ക്കാര്‍ പറയണമെന്നും സഹായിക്കാന്‍ പല സംഘടനകളും ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

ജോലി നഷ്ടപ്പെട്ടവര്‍ക്ക് ആറു മാസത്തെ ശമ്പളം കൊടുക്കുമെന്ന് ലോക കേരള സഭയുടെ സമയത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ്. ബജറ്റ് വിഹിതമായും സ്‌പെഷ്യല്‍ ഫണ്ടായും സംസ്ഥാന സര്‍ക്കാറിന് കേന്ദ്രം പണം നല്‍കിയിട്ടുണ്ടെന്നും അതിന് പുറമെ ആളുകള്‍ സംഭാവനയായും പണം നല്‍കിയിരുന്നുവെന്നും ഇതെല്ലാം ഇക്കാര്യങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

അതേസമയം, പ്രവാസികള്‍ അനുഭവിക്കുന്ന മാനസിക വിഷമം സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടില്ലെന്നും പുതിയ തീരുമാനത്തില്‍ പ്രവാസികള്‍ ആരും വരാതാവുമെന്നും അവിടെ കിടന്ന് മരിക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Top