ഈ റാലിക്ക് ഫലം ഉണ്ടാവില്ലെന്നു ആരും കരുതേണ്ട; പികെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: പാണക്കാട് തങ്ങളുമായി സമുദായത്തിനുള്ള ബന്ധമാണ് ഈ ജനക്കൂട്ടമെന്ന് മുസ്ലിം ലീ​ഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. അതിന് ഒരു പോറലും ഉണ്ടാകില്ല. ഈ റാലിക്ക് ഫലം ഉണ്ടാവില്ലെന്നു ആരും കരുതേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട് ബീച്ചിൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി.

കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷം ഒരു ലീഡർഷിപ്പിന്റെ കീഴിൽ ഒരുപാട് പ്രതിബന്ധങ്ങളെ മാറി കടന്നിട്ടുണ്ട്. പഴയ നേതാക്കളുടെ ഐക്യത്തിനു ഒരു മുറിവും ഉണ്ടാവാൻ പാടില്ല എന്നാണ് റാലി കാണിച്ചു തരുന്നത്. ഐക്യം നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഇവിടെ വന്നവർ. അതിനു പോറൽ ഉണ്ടാവില്ല. എല്ലാവരുടെയും പിന്തുണ ഇതിനുണ്ട്. ഈ റാലിക്കു ഒരേ ഒരു കാരണമേ ഉള്ളു. അത് പലസ്തീൻ ജനത അനുഭവിക്കുന്ന പ്രശ്നങ്ങളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇസ്രയേലിൽ ഹമാസ് ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിന്റെ പ്രതികാരം അതിരുകടന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ പറഞ്ഞു. ഗാസയിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. 19 ദിവസത്തിലെ യുദ്ധത്തിൽ കഴിഞ്ഞ 15 വർഷത്തിൽ ഉണ്ടായതിലധികം മരണമാണ് നടന്നത്. കണ്ണിന് കണ്ണെന്ന നിലയിൽ പ്രതികാരം ചെയ്താൽ ലോകം അന്ധമാകുമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഈ ജനക്കൂട്ടം കാണുമ്പോൾ അറിയാം ജനങ്ങളുടെ മനസും ഹൃദയവും എവിടെയാണെന്ന്. ഈ യുദ്ധം നിർത്തണമെന്നാണ് എല്ലാവരുടെയും ആവശ്യം. മാനുഷിക നിയമത്തിന്റെ ലംഘനമാണ് പലസ്തീനിൽ കാണുന്നത്. ഇസ്രയേലിൽ ഭീകരവാദികൾ അക്രമം നടത്തി. അവർ അവിടെ 1400 ലേറെ പേരെ കൊലപ്പെടുത്തി, 200 പേരെ ബന്ദികളാക്കി. അതിന് പകരമായി ഗാസയിൽ 6000ത്തിലേറെ പേരെ ഇസ്രയേലിൽ കൊലപ്പെടുത്തി. ബോംബിങ് ഇപ്പോഴും അവസാനിച്ചിട്ടില്ല.

Top