തരൂർ വിഷയം കോൺഗ്രസ് പരിഹരിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി

ശശി തരൂരിനെ എങ്ങനെ ഉപയോഗിക്കണം എന്നത് കോൺഗ്രസ് തീരുമാനിക്കട്ടെയെന്ന് വിവാദത്തോട് പ്രതികരിച്ച് മുസ്ലിം ലീ​ഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസിൽ പ്രശ്നമുണ്ടെങ്കിൽ അത് കോൺ​ഗ്രസ് തന്നെ പരിഹരിക്കും. അതിനുള്ള പ്രാപ്തി കോൺ​ഗ്രസിനുണ്ട്. ശശി തരൂരിന്റെ സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ്‌ പിന്മാറിയത്തിൽ താൻ അഭിപ്രായം പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കോൺഗ്രസ്‌ ഐക്യതോടുകൂടി മുന്നോട്ട് പോകേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമാണ്. ഐക്യ ജനാധിപത്യ മുന്നണി കെട്ടുറപ്പോടെ മുന്നോട്ട് പോകും. ശശി തരൂരുമായുള്ള നാളത്തെ കൂടികാഴ്ചയിൽ സ്വാഭാവികമായും രാഷ്ട്രീയ വിഷയം ചർച്ചയാകും. അജണ്ട വെച്ചുള്ള ചർച്ച ഉണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നാളെ പാണക്കാട്ട് തറവാട്ടിലെ സന്ദർശനമാണ് തരൂരിന്‍റെ പ്രധാന പരിപാടി. ഇവിടെ വച്ച് ലീഗ് നേതാക്കളുമായി തരൂർ ചർച്ച നടത്തും. ബുധനാഴ്ച കണ്ണൂരിൽ നടക്കുന്ന വിവിധ പരിപാടികളിലും തരൂർ പങ്കെടുക്കുന്നുണ്ട്.

Top