സ്റ്റാലിന്റെ ഭരണത്തിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരെന്ന് പി കെ. കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മതനിരപേക്ഷ സഖ്യത്തിൽ തമിഴ്നാട് മാതൃകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷങ്ങൾ മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്റെ ഭരണത്തിൽ സുരക്ഷിതരാണ്. എല്ലാ കാലത്തും മുസ്ലിം ലീഗ് ഡിഎംകെയ്ക്ക് ഒപ്പമായിരുന്നു എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ദ്രാവിഡ രാഷ്ട്രീയവും മുസ്ലീം സമുദായവും തമ്മിലുള്ള ബന്ധം തകർക്കാൻ ആരെക്കൊണ്ടുമാകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ലീ​ഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം കെ സ്റ്റാലിൻ. നവംബറിൽ ഡൽഹിയിൽ മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ നടക്കുന്ന മതനിരപേക്ഷ കക്ഷികളുടെ മഹാസമ്മേളനത്തിൽ പങ്കെടുക്കും. കരുണാനിധിയുടെയും ഡിഎംകെയുടെയും എല്ലാ സമയത്തും ഇസ്ലാം സഹോദരങ്ങൾ ഒപ്പമുണ്ടായിരുന്നു.

ഇസ്ലാമും താനും രണ്ടാണെന്ന് കലൈഞ്ജർ കരുണാനിധി കരുതിയില്ല. അതേ മാതൃകയിലാണ് തമിഴ്നാട്ടിലെ ദ്രാവിഡ മോഡൽ ഭരണം. ജനങ്ങളെ വിഭജിക്കാൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നമുക്കവരെ തോൽപ്പിക്കണം. ദ്രാവിഡ മോഡൽ ഭരണമാതൃക രാജ്യമാകെ വ്യാപിപ്പിക്കണം.

മുസ്ലിംലീഗ് രൂപീകരണത്തിന്റെ എഴുപത്തി അഞ്ചാം വാർഷികാഘോഷങ്ങൾക്ക് ചെന്നൈയിൽ തുടക്കമായി. മൂന്നുദിവസം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് സമൂഹ വിവാഹത്തോടെയാണ് തുടക്കമായത്. കേരളത്തിൽ നിന്ന് 700 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

Top