ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലീഗിന് അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലീഗിന് അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സീറ്റ് സംബന്ധിച്ച ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല. പാര്‍ട്ടി കമ്മിറ്റികള്‍ ചേര്‍ന്ന ശേഷം ലീഗ് നിലപാട് വ്യക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവില്‍ മലപ്പുറത്ത് നിന്നും അബ്ദുസ്സമദ് സമദാനിയും പൊന്നാനിയില്‍ നിന്നും ഇ ടി മുഹമ്മദ് ബഷീറുമാണ് ലീഗിന്റെ എംപിമാര്‍.

സഹകരണ മേഖലയിലെ അഴിമതിയെ ന്യായീകരിക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ നിലവിലെ വിവാദങ്ങള്‍ സഹകരണ മേഖലയെ മൊത്തത്തില്‍ ബാധിക്കരുത്. കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

കേരളകോണ്‍ഗ്രസ് പിളര്‍ന്ന സാഹചര്യത്തില്‍ കോട്ടയം സീറ്റില്‍ നിന്ന് ജോസഫ് വിഭാഗത്തെ തന്നെയായിരിക്കും മത്സരിപ്പിക്കുകയെന്നാണ് സൂചന. ഇതിന് പുറമേ കണ്ണൂര്‍ എംപി കെ സുധാകരന്‍ മത്സരിക്കാനുള്ള സാധ്യതയും കുറവാണ്. ആലപ്പുഴയില്‍ നിന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റേ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

ഇതൊഴിച്ചാല്‍ മുഴുവന്‍ സീറ്റിലേക്കും സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കട്ടെയെന്ന ആലോചനയിലാണ് കോണ്‍ഗ്രസ്. എന്നാല്‍ ലീഗ് മൂന്നാം സീറ്റ് എന്ന ആവശ്യം ഉയര്‍ത്തുന്നത് യുഡിഎഫില്‍ പുതിയ സീറ്റ് ചര്‍ച്ചകളിലേക്ക് വഴിതെളിക്കും.

Top