ജലീലിനെ അനുകൂലിക്കുന്ന മതനേതാക്കളുടെ ഇടപാടിലും ദുരൂഹതയുണ്ടെന്ന് പി കെ ഫിറോസ്

കോഴിക്കോട് : സ്വര്‍ണ്ണക്കടത്തു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് വിധേയമായ മന്ത്രി കെ.ടി. ജലീലിനെ ഏതെങ്കിലും മതനേതാക്കള്‍ ന്യായീകരിച്ചിട്ടുണ്ടെങ്കില്‍ അവരുടെ ഇടപാടും ദുരൂഹമായിരിക്കുമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന ഗുരുതര ആരോപണമാണ് ജലീലിനെതിരെ ഉയര്‍ന്ന് വന്നത്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ഖുര്‍ആനെ മറയാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ഇതിനെ മതനേതാക്കള്‍ പിന്തുണക്കുന്നത് ശരിയല്ലെന്നും ഫിറോസ് പറഞ്ഞു.

മതനേതാക്കളെ വിളിച്ച് കെ.ടി. ജലീല്‍ സഹായമഭ്യര്‍ഥിക്കുകയാണ്. ഖുര്‍ആന്‍ കൊണ്ട് വന്നതിന് എതിരെയാണ് താന്‍ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അതുകൊണ്ട് തന്നെ സഹായിക്കണമെന്ന്മാണ് ജലീല്‍ ആവശ്യപ്പെടുന്നത്. ജലീല്‍ ഇത് സംബന്ധിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പി.കെ. ഫിറോസ് ആരോപിച്ചു.

തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം മന്ത്രിയായി തുടരുന്നത്. വിശുദ്ധ ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ ആഗസ്ത് ആറിന് ഫെയ്‌സ്ബുക്കില്‍ മന്ത്രി പ്രതികരിച്ചത് വന്ന ഖുര്‍ആന്‍ എല്ലാം എടപ്പാളിലും ആലത്തിയൂരിലും ഉള്ള രണ്ട് സ്ഥാപനങ്ങളില്‍ ഭദ്രമായി ഇരിപ്പുണ്ട് എന്നായിരുന്നു. ഇതിലൊന്ന് പോലും വിതരണം ചെയ്തിട്ടില്ലായെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതാര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍, തൂക്കത്തില്‍ 20 കിലോ വ്യത്യാസം ഉണ്ടെന്ന് കണ്ടെത്തിയപ്പോള്‍ 24 കോപ്പികള്‍ സി.ആപ്റ്റിലെ ജീവനക്കാര്‍ എടുത്തിട്ടുണ്ടെന്നാണ് മന്ത്രി ഒരു മാധ്യമ പ്രവര്‍ത്തകക്ക് മാത്രമായി നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. കോപ്പിയെടുത്തുവെന്ന് പറയാന്‍ ഉദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇന്ന് പുലര്‍ച്ചെ സി.ആപ്റ്റ് എം.ഡിയുമായും മുന്‍ എം.ഡിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

യു.എഇ യില്‍നിന്നു വന്ന പാക്കറ്റുകള്‍ തന്നെയാണോ മലപ്പുറത്തേക്ക് അയച്ചത് എന്നതും അന്വേഷിക്കണം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സി.ആപ്റ്റിലെ ജീവനക്കാരെ അടിയന്തിരമായി സ്ഥലംമാറ്റി ഇറക്കിയിട്ടുള്ള ഉത്തരവ് ദുരൂഹമാണ്. ഇതും തെളിവുകള്‍ നശിപ്പിക്കാനുള്ളതിന്റെ ഭാഗമായിട്ടാണോയെന്ന് സംശയമുണ്ട്. ഇതും പരിശോധിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

Top