അധികാരവും പത്രാസും കാട്ടി ആരെയും പേടിപ്പിക്കരുത്; മുഹമ്മദ് റിയാസിനെ വിമര്‍ശിച്ച് പി.കെ ഫിറോസ്

തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റസ്റ്റ് ഹൗസുകള്‍ പൊതു ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തിരുന്നു. ഇതിന് മുന്നോടിയായി തൈക്കാട്ടെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ മന്ത്രി മുഹമ്മദ് റിയാസ് മിന്നല്‍ പരിശോധന നടത്തിയത് വൈറലായിരുന്നു. റസ്റ്റ് ഹൗസ് ജീവനക്കാരെ മന്ത്രി ശകാരിക്കുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു. എന്നാല്‍ മന്ത്രിക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്. അധികാരവും പത്രാസുമൊന്നും കാട്ടി ആരെയും പേടിപ്പിക്കരുത്. അന്തസും അഭിമാനവുമൊക്കെ ഏതൊരു വ്യക്തിക്കും പ്രധാനമാണ്. താങ്കളത് മറക്കരുതെന്നും ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പി.കെ. ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മന്ത്രി പി.എ മുഹമ്മദ് റിയാസ് തിരുവനന്തപുരം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് സന്ദര്‍ശിക്കുന്ന ഒരു വീഡിയോ കണ്ടു. ഫേസ്ബുക്ക് ലൈവുമായിട്ടാണ് ആളുടെ വരവ്. വന്ന പാടെ റസ്റ്റ് ഹൗസിലെ ജീവനക്കാരനെ കണക്കിന് ശകാരിക്കുന്നുണ്ട്. സര്‍ക്കാറിന്റെ തീരുമാനം പൊളിക്കാന്‍ നടക്കാണോ എന്നൊക്കെയാണ് മന്ത്രി ചോദിക്കുന്നത്. എന്നാല്‍ കാണട്ടെ എന്നൊക്കെ വെല്ലുവിളിക്കുന്നുമുണ്ട്.

തന്റെ അധികാരവും പത്രാസുമൊക്കെ ഒരു സാധാരണ ജീവനക്കാരന്റെ മേല്‍ കാണിച്ചപ്പോ മന്ത്രിക്ക് മന:സുഖം കിട്ടിക്കാണുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ മന്ത്രി അടിയന്തിരമായി ഈ ഏര്‍പ്പാട് നിര്‍ത്തണം. ഒരു സ്ഥാപനത്തില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ അവിടെ മതിയായ സ്റ്റാഫിനെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ടോ എന്ന് തിരക്കണം. ഇല്ലെങ്കില്‍ അത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണം.

സ്റ്റാഫുണ്ടായിട്ടും ജോലി ചെയ്യുന്നില്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കണം. അല്ലാതെ ലക്ഷക്കണക്കിന് ആളുകള്‍ കാണുന്ന സോഷ്യല്‍ മീഡിയയുടെ മുമ്പില്‍ വെച്ച് ഒരാളെ അപമാനിക്കുകയല്ല വേണ്ടത്. ആ സാധു ജീവനക്കാരന്‍ വിചാരിച്ചാലൊന്നും അങ്ങയുടെ വെല്ലുവിളി ഏറ്റെടുക്കാനുള്ള കെല്‍പ്പുണ്ടാവില്ല.

അധികാരവും പത്രാസുമൊന്നും കാട്ടി ആരെയും പേടിപ്പിക്കരുത്. അന്തസ്സും അഭിമാനവുമൊക്കെ ഏതൊരു വ്യക്തിക്കും പ്രധാനമാണ്. താങ്കളത് മറക്കരുത്.

Top