ആലത്തൂരിൽ ഇടതുപക്ഷ പരാജയത്തിന് പ്രധാന കാരണം സ്ഥാനാർത്ഥി നിർണ്ണയം

കേരളത്തില്‍ ഇടതുപക്ഷത്തിന്റെ തോല്‍വിയുടെ ആഘാതം വര്‍ദ്ധിപ്പിച്ചതിന് പിന്നില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പിഴവും പ്രധാന കാരണം. ഏറ്റവും ആദ്യം കേരളത്തില്‍ ഒരു ഇടതു പക്ഷ സ്ഥാനാര്‍ത്ഥി വിജയിക്കുമായിരുന്നെങ്കില്‍ അത് ആലത്തൂരിലാവണമായിരുന്നു.

ഇപ്പോള്‍ ആലപ്പുഴയില്‍ മാത്രം വിജയിച്ച് 99 ശതമാനം പരാജയം ഏറ്റുവാങ്ങിയതിന്റെ ഞെട്ടലിലാണ് സി.പി.എം പ്രവര്‍ത്തകര്‍. ഉറച്ച കോട്ടയായ ആലത്തൂര്‍ എങ്ങനെ കൈവിട്ടു എന്ന കാര്യത്തില്‍ നേതാക്കള്‍ക്ക് പോലും മറുപടിയില്ല.

ഇവിടെ കെ.രാധാകൃഷ്ണനായിരുന്നു സ്ഥാനാര്‍ത്ഥിയെങ്കില്‍ വിജയിക്കാമായിരുന്നു എന്ന നിലപാടിലാണ് സി.പി.എം പ്രവര്‍ത്തകര്‍. ആരിഫിന് ഈ തരംഗത്തിലും ആലപ്പുഴയില്‍ വിജയിക്കാന്‍ പറ്റുമെങ്കില്‍ ആലത്തുരിലും നിഷ്പ്രയാസം പറ്റുമായിരുന്നു.

ചെങ്കോട്ടയായ കാസര്‍ഗോട്ടും, ആറ്റിങ്ങലും, പാലക്കാട്ടും ന്യൂനപക്ഷ വോട്ട് ചതിച്ചെന്ന വാദം അംഗീകരിച്ചാലും ആ വാദം ആലത്തൂരിനെ ബാധിക്കില്ല. കാരണം ഇവിടെ ന്യൂനപക്ഷങ്ങള്‍ വലിയ ശക്തിയല്ല.

സിറ്റിംഗ് എം.പിയോടുള്ള എതിര്‍പ്പ് തന്നെയാണ് രമ്യ ഹരിദാസിന്റെ വിജയത്തിന് പ്രധാന കാരണമായത്. ഒന്നര ലക്ഷത്തിലധികം വോട്ടുകള്‍ ഇവിടെ നിന്നും രമ്യ നേടിയെന്ന് പറഞ്ഞാല്‍ അത് സി.പി.എമ്മുകാരെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലും പറ്റാത്തതാണ്. രമ്യക്കെതിരായ വിവാദ പരാമര്‍ശങ്ങള്‍ കുറച്ച് വോട്ടൊക്കെ കിട്ടാന്‍ വഴി ഒരുക്കിയെങ്കിലും വിജയ ഘടകം അതല്ലെന്ന് ഉറപ്പ്. ആലത്തൂരിലെ ഇടതുപക്ഷത്തിന്റെ സ്വാധീനം അറിയുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ പോലും ഇക്കാര്യം അംഗീകരിക്കും

പാവപ്പെട്ട കര്‍ഷക തൊഴിലാളികള്‍ക്കും മറ്റ് അടിസ്ഥാന വര്‍ഗ്ഗത്തില്‍പ്പെട്ട ജനവിഭാഗത്തിനും ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ പി.കെ ബിജുവെന്ന എം.പി ഇന്ന് ഈ നാട്ടുകാരിലെ നല്ലൊരു വിഭാഗത്തിനും അന്യനാണ്. ഇത് തന്നെയാണ് പരാജയത്തിനും കാരണമായത്.

രണ്ട് തവണ ചെങ്കൊടിയെ വിശ്വസിച്ച് ബിജുവിനെ വിജയിപ്പിച്ചത് അബദ്ധമായി പോയി എന്ന് പറയുന്ന നിരവധി ഇടതുപക്ഷ അനുഭാവികള്‍ ഈ മണ്ഡലത്തിലുണ്ട്. കാരണം രണ്ടാം തവണ വിജയിച്ചതു മുതല്‍ ബിജു പഴയ ബിജുവായിരുന്നില്ല. ഓട്ടോറിക്ഷയിലും ബസിലും ചാടി കയറി യാത്ര ചെയ്ത് സാധാരണക്കാരനായി പാഞ്ഞെത്തുന്ന അജയകുമാറിന്റെ പിന്‍ഗാമിക്ക് എ.സി കാറില്ലാതെ യാത്ര ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു.

പാവപ്പെട്ട കര്‍ഷകരും കൂലി പണിക്കാരും ഒക്കെ ആയിരുന്നു അജയകുമാറിന്റെ സുഹൃത്തുക്കളെങ്കില്‍ സമ്പന്ന സുഹൃത്തുക്കളായിരുന്നു ബിജുവിനെ നയിച്ചിരുന്നതെന്നാണ് ഇടതുപക്ഷത്ത് നിന്നു തന്നെ ഉയര്‍ന്നിരുന്ന വിമര്‍ശനം. കേരളം പ്രകൃതിയുടെ താണ്ഡവത്തില്‍ വിറങ്ങലിച്ച നിന്ന സമയത്ത് പോലും ഈ എം.പിയുടെ സേവനം വേണ്ടത്ര ലഭ്യമായിരുന്നില്ല.

ഫോണില്‍ പോലും വിളിച്ചാല്‍ കിട്ടാത്ത അത്ര ‘അകലത്തിലുള്ള’ എം.പിയെ തങ്ങള്‍ക്ക് വേണ്ട എന്ന പാര്‍ട്ടി അനുഭാവികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബിജുവിനെ ഇനി മത്സരിപ്പിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു സി.പി.എം പ്രാദേശിക നേതൃത്വം.

ഇക്കാര്യം ജില്ലാ കമ്മറ്റിയെ കീഴ് കമ്മറ്റികള്‍ അറിയിക്കുകയും ചെയ്തിരുന്നു. മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണനെ മത്സരിപ്പിക്കാനായിരുന്നു സി.പി.എം ജില്ലാ കമ്മറ്റിക്ക് താല്‍പ്പര്യമുണ്ടായിരുന്നത്. എന്നാല്‍ സംസ്ഥാന ഘടകത്തില്‍ നിന്നും എം.പിമാരുടെ കാര്യത്തില്‍ വന്ന നിര്‍ദ്ദേശം ഈ കണക്ക് കൂട്ടലുകള്‍ എല്ലാം തകിടം മറിക്കുകയായിരുന്നു.

പി.കരുണാകരന്‍ ഒഴികെ എല്ലാ സിറ്റിങ് എം.പിമാരും മത്സരിക്കട്ടെ എന്നതായിരുന്നു സി.പി.എം കേന്ദ്ര-സംസ്ഥാന നേത്യത്വങ്ങളുടെ തീരുമാനം. ചെറ്റക്കുടിലില്‍ നിന്ന് ചുവപ്പു പ്രത്യയശാസ്ത്രം നെഞ്ചേറ്റിയ ചെറുപ്പക്കാരന്‍ എന്ന പ്രതിഛായയാണ് മുന്‍ എസ്.എഫ്.ഐ നേതാവായ പി.കെ ബിജുവിന് ആലത്തൂര്‍ മണ്ഡലത്തില്‍ രണ്ടു വട്ടവും വിജയിക്കാന്‍ വഴിയൊരിക്കിയിരുന്നത്.

എം.പിയായ ശേഷം സാധാരണ പ്രവര്‍ത്തകരെ കണ്ണില്‍പ്പിടിക്കാത്ത നേതാവെന്ന പേരുദോഷവും ബിജുവിനെ തേടിയെത്തി. പാര്‍ട്ടി സംവിധാനം എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചതുകൊണ്ടാണ് ആലത്തൂരില്‍ ബിജു രണ്ടു തവണയും വിജയിച്ചിരുന്നത്. ബിജു ഏകപക്ഷീയവിജയം നേടുമെന്ന് ഉറപ്പിച്ച ഈ ചെങ്കോട്ടയില്‍ രമ്യാ ഹരിദാസിന്റെത് വലിയ അട്ടിമറി വിജയം തന്നെയാണ്.

ഞാനല്ല, നമ്മള്‍ എന്ന് 2014ല്‍ രാഹുല്‍ഗാന്ധിയുടെ കോണ്‍ഗ്രസ് പരസ്യത്തിലൂടെയാണ് രമ്യ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ഗുഡ് ബുക്കില്‍ കടന്നുകൂടുന്നത്. കോണ്‍ഗ്രസ് നേതാവായ ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ നഗരസഭാ ചെയര്‍മാനായിരിക്കെ പദ്ധതികളുടെ കോ-ഓര്‍ഡിനേറ്ററായും രമ്യ പ്രവര്‍ത്തിച്ചിരുന്നു.

അവിടെനിന്നാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ മത്സരിക്കാന്‍ സീറ്റ് ലഭിച്ചതും വിജയിച്ച് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായതും. നിമിഷനേരം കൊണ്ട് പരിചയപ്പെട്ടവരുടെ മനസില്‍ ഇടംപിടിക്കാനുള്ള കഴിവാണ് രമ്യ ഹരിദാസിനെ സാധാരണ രാഷ്ട്രീയക്കാരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്.

നാട്ടിന്‍പുറത്തെ കുട്ടിയെന്ന രമ്യയുടെ പ്രതിഛായയും പി.കെ ബിജുവിനെ പ്രതിരോധത്തിലാക്കിയ ഘടകമാണ്. 2009ല്‍ പി.കെ ബിജു അലത്തൂരില്‍ കന്നി സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ തുണച്ച അനുകൂല ഘടകങ്ങളെല്ലാം ഇത്തവണ രമ്യ ഹരിദാസിനൊപ്പമായിരുന്നു.

2009തില്‍ കന്നിയങ്കത്തില്‍ പി.കെ ബിജു 20,960 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചിരുന്നത്. 2014ല്‍ ഭൂരിപക്ഷം 37,312 വോട്ടായി ഉയര്‍ത്താനായി. ഇപ്പോള്‍ രമ്യ വിജയിച്ചതാകട്ടെ ഒന്നരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനും. ചെങ്കൊടിക്ക് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പറ്റിയ വലിയ പിഴവിന് നല്‍കേണ്ടി വന്ന വിലയാണിത്.

Express Kerala View

Top