എം.എം.മണിയെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച് പി.കെ.ബഷീർ എംഎൽഎ

കൽപ്പറ്റ: എംഎൽഎയും സിപിഎം നേതാവുമായ എം.എം.മണിയെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച് മുസ്ലീം ലീഗ് എംഎൽഎ പി.കെ.ബഷീർ. കറുപ്പ് കണ്ടാൽ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ എം.എം മണിയെ കണ്ടാൽ എന്താകും സ്ഥിതിയെന്നായിരുന്നു ബഷീറിന്റെ പരിഹാസം. എംഎം മണിയുടെ കണ്ണും മോറും കറുപ്പല്ലേ എന്നും ബഷീർ പറഞ്ഞു. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കൺവൻഷൻ വേദിയിലായിരുന്നു പികെ ബഷീർ എംഎൽഎയുടെ വിവാദ പരാമർശം.

‘ഒരു മുഖ്യമന്ത്രി യാത്ര പോകണമെങ്കിൽ നാല് മണിക്കൂർ ജനം റോഡിൽ കിടക്കേണ്ട നിലയാണ്. സൌദി രാജാവ് പോയാൽ അഞ്ച് മിനിറ്റ് ബ്ലോക്കുണ്ടാവും. ഇവിടെ പ്രധാനമന്ത്രിയോ പ്രസിഡൻ്റോ പോയാൽ ഇരുപത് മിനിറ്റ് ബ്ലോക്കുണ്ടാവും. കറുപ്പ് കണ്ടാൽ ഇയാൾക്ക് പേടി, പർദ്ദ കണ്ടാൽ ഇയാൾക്ക് പേടി. ഇനിയിപ്പോൾ സംസ്ഥാന കമ്മിറ്റിക്ക് എംഎം മണി ചെന്നാൽ എന്താവും സ്ഥിതിയെന്നാണ് എൻ്റെ പേടി.അയാളുടെ കണ്ണും മോറും കറുപ്പല്ലേ…’

Top