‘പിജെ’ എന്നത് തന്റെ ചുരുക്കപ്പേരായി കരുതുന്ന ഗ്രൂപ്പുകള്‍ പേരില്‍ മാറ്റം വരുത്തണമെന്ന് ജയരാജന്‍

p jayarajan

കണ്ണൂര്‍: ‘പിജെ’ എന്നത് തന്റെ ചുരുക്കപ്പേരായി കരുതുന്ന ഗ്രൂപ്പുകള്‍ അതില്‍ മാറ്റം വരുത്തണമെന്ന് പി. ജയരാജന്‍. സാമൂഹ്യ മാധ്യമങ്ങളില്‍ തുറന്ന സംവാദം അഭികാമ്യമാണ്. എന്നാല്‍ ഈ സംവാദങ്ങള്‍ നടത്തുന്ന ചില ഗ്രൂപ്പുകളുടെ പേരുകളില്‍ ‘പിജെ’ എന്ന് ചേര്‍ത്ത് കാണുന്നുണ്ട്.

തെരഞ്ഞെടുപ്പു ഘട്ടത്തില്‍ പല സഖാക്കളും സുഹൃത്തുക്കളും സാമൂഹ്യ മാധ്യമങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി എത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം മേല്‍പറഞ്ഞ പേരുകളിലുള്ള ഗ്രൂപ്പുകള്‍ സിപിഐ(എം) ന്റെ നിലപാടുകളില്‍ നിന്നും വ്യത്യസ്തമായ പ്രചരണങ്ങള്‍ നടത്തുന്നതായി അറിയാന്‍ കഴിഞ്ഞെന്നും അത് ആശാസ്യമല്ലെന്നുമാണ് ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

ബിംബത്തെ ഉപയോഗിച്ച് പാര്‍ട്ടിയെ അടിക്കാന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് പി. ജയരാജനെ ലക്ഷ്യമിട്ടാണെന്ന ധ്വനി പടരുന്നതിനിടെയാണ് മണിക്കൂറുകള്‍ക്കകം പി.ജയരാജന്‍ ഈ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.

Top