സ്പീക്കറെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച നടപടി തെറ്റെന്ന് പി.ജെ കുര്യന്‍

തിരുവനന്തപുരം: ഡോളര്‍ കടത്തു കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന്റെ പേരില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ രാജിവെക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യത്തെ എതിര്‍ത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍. ഭരണഘടന പദവിയിരിക്കുന്ന ഒരാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച കസ്റ്റംസ് നടപടി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

‘കസ്റ്റഡിയിലിരിക്കുന്ന ഒരു പ്രതി നല്‍കിയ മൊഴിയുടെ പേരില്‍ മാത്രം ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാളെ ചോദ്യം ചെയ്യാന്‍ നോട്ടീസയച്ച് വിളിച്ച് വരുത്തുന്ന രീതി ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ഒരു മൊഴി ലഭിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിച്ച് തെളിവുകള്‍ ശേഖരിച്ച് അതില്‍ കഴമ്പുണ്ടെങ്കില്‍ വിവരം സ്പീക്കറെ അറിയിക്കുകയാണ് വേണ്ടിയിരുന്നത്. തുടര്‍ന്ന് അന്വേഷണത്തിന് അദ്ദേഹത്തിന്റെ സഹകരണം തേടുകയാണ് വേണ്ടത്. ആ ഘട്ടത്തില്‍ അദ്ദേഹത്തിന് സ്പീക്കര്‍ പദവിയിലിരിക്കുക ബുദ്ധിമുട്ടാകുകയും ചെയ്യും

എന്നാല്‍ പ്രതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭരണഘടനാ സ്ഥാപനത്തിലിരിക്കുന്ന ആരേയും ചോദ്യം ചെയ്യാമെന്ന നിലവരുന്നത് ശരിയല്ല. കസ്റ്റഡിയിലിരിക്കുന്ന ഒരാളുടെ മൊഴിക്ക് പൂര്‍ണ്ണമായ വിശ്വാസമുണ്ടെന്ന് പറയാന്‍ പറ്റില്ല. അതിന്റെ പേരില്‍ സ്പീക്കര്‍ പദവി രാജിവെക്കണമെന്ന് പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും കുര്യന്‍ വ്യക്തമാക്കി.

Top