കേരള കോണ്‍ഗ്രസ്സുമായുള്ള യുഡിഎഫിന്‍റെ രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ച ഇന്ന്;വിട്ടുവീഴ്ചയില്ലെന്ന് മാണി

കൊച്ചി : കേരള കോണ്‍ഗ്രസ്സുമായുള്ള യു ഡി എഫിന്റെ രണ്ടാം ഘട്ട ഉഭയ കക്ഷി ചര്‍ച്ച നടക്കും. രണ്ടാം സീറ്റെന്ന ആവശ്യത്തില്‍ കേരള കോണ്‍ഗ്രസ്സ് എം ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തുന്നത്.

അധിക സീറ്റ് നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ്സ് ഇന്നും ആവര്‍ത്തിക്കും. അതേ സമയം ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കടുത്ത നിലപാടെടുക്കേണ്ടി വരുമെന്ന് പി ജെ ജോസഫ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിലവിലുള്ള കോട്ടയം സീറ്റിനു പുറമെ ഇടുക്കിയോ ചാലക്കുടിയോ നല്‍കണം എന്ന ഉറച്ച ആവശ്യവുമായിട്ടാണ് കേരള കോണ്‍ഗ്രസ്സ് നേതാക്കളായ കെ എം മാണിയും പി ജെ ജോസഫും ഇന്നും ചര്‍ച്ചക്കെത്തുക. കഴിഞ്ഞ 26 ന് കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയില്‍ ഈ ആവശ്യം അംഗീകരിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറായില്ല.

അതേസമയം പി.ജെ.ജോസഫുമായി സമവായത്തിന് തയ്യാറാകാതെ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ് മാണി ഗ്രൂപ്പ്. കേരള കോണ്‍ഗ്രസിന് പാര്‍ട്ടിയ്ക്ക് രണ്ട് സീറ്റ് വേണമെന്ന ആവശ്യം യുഡിഎഫ് തള്ളിയതിനെ തുടര്‍ന്നാണ് ഇരുകൂട്ടരും തമ്മിലുള്ള ഭിന്നത് പുറത്തേയ്ക്ക് വന്നത്. പാര്‍ട്ടിക്ക് ലഭിക്കുന്ന ഏക സീറ്റില്‍ മാണി ഗ്രൂപ്പിന്റെ പ്രതിനിധി തന്നെ സ്ഥാനാര്‍ഥിയാകും. പാര്‍ട്ടിക്കു രണ്ടാംസീറ്റ് ലഭിച്ചാലും സ്റ്റിയറിങ് കമ്മിറ്റി കൂടി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചാല്‍ മതിയെന്നാണു പുതിയ തീരുമാനം.

പി.ജെ. ജോസഫിന് സീറ്റ് വാങ്ങി നല്‍കാന്‍ പാര്‍ട്ടി ഇനി മെനക്കെടേണ്ടെന്നാണു തീരുമാനം. കോട്ടയത്ത് കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പി.ജെ. ജോസഫ് എത്തില്ലെന്നും മാണി ഗ്രൂപ്പ് ഉറപ്പിക്കുന്നു.

Top