രണ്ടില ചിഹ്നം; റിട്ട് ഹര്‍ജി നല്‍കുമെന്ന് പി ജെ ജോസഫ്

കോട്ടയം: രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് ലഭിച്ചതിനെതിരെ തിങ്കളാഴ്ച റിട്ട് ഹര്‍ജി നല്‍കുമെന്ന് പി.ജെ ജോസഫ്. ചിഹ്നം നോക്കിയല്ല ജോസ് കെ. മാണി വിഭാഗത്തിനെതിരെ യുഡിഎഫ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ചെയര്‍മാന്‍ അല്ലാത്ത ആള്‍ക്ക് വിപ്പ് കൊടുക്കാന്‍ അധികാരമില്ല. ചെയര്‍മാനായി പ്രവര്‍ത്തിക്കരുതെന്ന് പറഞ്ഞതിനു ശേഷം ചെയര്‍മാനെന്ന നിലയില്‍ വിപ്പ് കൊടുക്കുന്നത് കോടതി അലക്ഷ്യമാണ്. അതിനെതിരെ നടപടി സ്വീകരിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നത്തെക്കുറിച്ച് മാത്രമേ പറഞ്ഞിട്ടുള്ളൂ. അക്കാര്യത്തില്‍ ഒരംഗം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇക്കാര്യത്തില്‍ റിട്ട് പെറ്റീഷന്‍ അടുത്ത തിങ്കളാഴ്ച സമര്‍പ്പിക്കും.

പാര്‍ട്ടി ഭരണഘടന പ്രകാരം ഞാന്‍ ഇപ്പോഴും വര്‍ക്കിങ് ചെയര്‍മാനാണ്. യോഗം വിളിക്കാന്‍ ചെയര്‍മാനോ വര്‍ക്കിങ് ചെയര്‍മാനോ മാത്രമേ അധികാരമുള്ളൂ. അല്ലാത്ത യോഗം നിയമവിരുദ്ധമാണ്. ചെയര്‍മാനാണെന്ന് അവകാശപ്പെട്ട് ഞങ്ങളുടെ പാര്‍ട്ടി ഓഫീസുകള്‍ കൈയ്യേറുകയാണ്. താന്‍ വര്‍ക്കിങ് ചെയര്‍മാനാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ലെന്നും പിജെ ജോസഫ് പറഞ്ഞു.

Top