പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ തയ്യാറെടുത്ത് പി.ജെ ജോസഫ്

PJ joseph

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിക്ക് വേണ്ടിയുള്ള നിയമ പോരാട്ടത്തില്‍ പരാജയപ്പെട്ട പി.ജെ ജോസഫ് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാര്‍ട്ടിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. എങ്കിലും പുതിയ പാര്‍ട്ടിയുടെ പേര് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

ജോസഫിന്റെ പാര്‍ട്ടിയിലും കേരള കോണ്‍ഗ്രസ് എന്ന പേരുണ്ടാകുമെന്ന് ഉറപ്പാണ്. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ഥികള്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കേണ്ടി വരും. അപ്പോഴും വിപ്പ് ഉള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങളുണ്ട്.

രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന സ്വീകരിക്കാനും കഴിയില്ല. അതുകൊണ്ടുതന്നെ നിലവിലുള്ള ഒരു പാര്‍ട്ടിയില്‍ ലയിക്കാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. പാര്‍ട്ടിയുടെ പേര് പിന്നീട് മാറ്റുകയും ചെയ്യാം. ചിഹ്നവും പേരും തര്‍ക്കവും സംബന്ധിച്ച തര്‍ക്കം കോടതിയില്‍ നിലനില്‍ക്കുന്നതിനാലാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസഫിന് ചെണ്ടയെന്ന ചിഹ്നം ലഭിച്ചത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് ലഭിക്കാന്‍ സാധ്യതയില്ല.

റിവേഴ്സ് ക്വാറന്റീന്‍ പൂര്‍ത്തിയാക്കി പിജെ ജോസഫ് വ്യാഴാഴ്ച തൊടുപുഴയില്‍ മടങ്ങിയെത്തും. ഇതിനു ശേഷം പുതിയ പാര്‍ട്ടിയുടെ കാര്യങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.

 

Top