ജോസ് കെ. മാണിയുടെ വോട്ടുകള്‍ മറുപക്ഷത്തേക്കു മറഞ്ഞിട്ടുണ്ട്: പിജെ ജോസഫ്

കോട്ടയം:പാലായില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ മുന്നേറ്റം തുടരുന്നതിനിടെ പ്രതികരണവുമായി കേരള കോണ്‍ഗ്രസ് എം വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്.

ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്നായിരുന്നു എല്‍ഡിഎഫ് ലീഡ് പിടിച്ചതിനെക്കുറിച്ച് പിജെ ജോസഫിന്റെ പ്രതികരണം. ജോസ് കെ മാണി വിഭാഗത്തിന്റെ വോട്ടുകള്‍ അപ്പുറത്തേക്ക് മറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാലായില്‍ ബി.ജെ.പി വോട്ടുകള്‍ എല്‍.ഡി.എഫിന് മറിച്ചു നല്‍കിയെന്ന ആരോപണവുമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം രംഗത്തെത്തിയിട്ടുണ്ട്. യു.ഡി.എഫ് ശക്തികേന്ദ്രമായ രാമപുരത്ത് മുന്നണിക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ജോസ് ടോമിന്റെ ആരോപണം.

ബി.ജെ.പി വോട്ടുകള്‍ എല്‍.ഡി.എഫിന് മറിച്ചെന്നും ജോസ് ടോം ആരോപിച്ചു. മാണി സി.കാപ്പന് രാമപുരത്ത് ലഭിച്ച് ലീഡ് ഇതിന്റെ സൂചനയാണെന്നും രാമപുരത്ത് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്നും ജോസ് ടോം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യു.ഡി.എഫിന് കാര്യമായ സ്വാധീനമുള്ള പഞ്ചായത്തുകളിലല്ല വോട്ടെണ്ണുന്നതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാല്‍ പറഞ്ഞു. വിജയപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ രാമപുരത്ത് കെഎം മാണിക്ക് കഴിഞ്ഞ തവണ 159 വോട്ടുകളുടെ ലീഡാണ് ലഭിച്ചതെന്നും ആ നിലയില്‍ നോക്കുമ്പോള്‍ വോട്ട് കുറഞ്ഞതില്‍ അത്ഭുതമില്ലെന്നുമായിരുന്നു യുഡിഎഫ് ജോസ് ടോമിന്റെ പ്രതികരണം.

Top