ജോസഫിന്റെ പരാമര്‍ശം വേദനിപ്പിച്ചു; പ്രതികരണവുമായി ജോസ് കെ. മാണി

കോട്ടയം: പി.ജെ. ജോസഫ് തനിക്കെതിരായി നടത്തിയ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചുവെന്ന് ജോസ് കെ. മാണി. കെ.എം. മാണിയെയും തന്നെയും അപമാനിക്കുന്നതിന് തുല്യമാണ് ജോസഫ് നടത്തിയ പരാമര്‍ശമെന്നും പാര്‍ട്ടി ചെയര്‍മാനാകാണമെന്ന് താന്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നു മാത്രമാണ് തങ്ങളുടെ ആവശ്യം. ഒരുമിച്ച് മുന്നോട്ടു പോകാമെന്നാണ് ഇനിയും പ്രതീക്ഷിക്കുന്നതെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയിലെ തര്‍ക്കത്തില്‍ സമവായത്തിന് എതിരു നില്‍ക്കുന്നത് ജോസ് കെ. മാണിയാണെന്നാണ് പി.ജെ. ജോസഫ് നേരത്തേ മാധ്യമങ്ങളോട് പറഞ്ഞത്. ജോസ് കെ. മാണി പാര്‍ട്ടിയെ പിളര്‍ത്താനാണ് ശ്രമിക്കുന്നത്. ചെയര്‍മാന്‍ മരിച്ചാല്‍ മകന്‍ ചെയര്‍മാനാകുമെന്ന് പാര്‍ട്ടിയുടെ ഭരണഘടനയിലില്ലെന്നും ജോസഫ് പ്രതികരിച്ചിരുന്നു.

Top