പി.ജെ.ജോസഫിന്റെ ഫോര്‍മുല സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ജോസ് കെ. മാണി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിന്റെ വക്കില്‍ നില്‍ക്കെ പുതിയ സമവായ നീക്കവുമായി പിജെ ജോസഫ് രംഗത്തെത്തിയെങ്കിലും ഇത് ജോസ് കെ. മാണി തള്ളി. കെഎം മാണിക്ക് ശേഷം കേരളാ കോണ്‍ഗ്രസിനെ നയിക്കാന്‍ സിഎഫ് തോമസിനെ പാര്‍ട്ടി ചെയര്‍മാനാക്കുമെന്നും ജോസ് കെ മാണിയെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാനാക്കുമെന്നും താന്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തുടരുമെന്നുമുള്ള ഫോര്‍മുലയാണ് ജോസഫ് മുന്നോട്ടു വച്ചത്.

കേരള കോണ്‍ഗ്രസ് തര്‍ക്കം പൊതുവേദിയില്‍ അല്ല ചര്‍ച്ച ചെയ്യേണ്ടതെന്ന് ജോസ്. കെ മാണി പ്രതികരിച്ചു. പി.ജെ.ജോസഫിന്റെ ഫോര്‍മുല സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും പരസ്യ വേദികളില്‍ അല്ല സ്ഥാനമാനങ്ങള്‍ പ്രഖ്യാപിക്കേണ്ടതെന്നും വ്യവസ്ഥാപിതമായ രീതിയില്‍ വേണം സ്ഥാനമാനങ്ങള്‍ തീരുമാനിക്കേണ്ടതെന്നും ജോസ് കെ മാണ് വ്യക്തമാക്കി.

സംസ്ഥാന സമിതി വിളിച്ചു ചേര്‍ക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും ജോസ് .കെ .മാണി പറഞ്ഞു. ജോസഫിന്റെ പ്രസ്താവന സമവായശ്രമത്തിന് കളങ്കമാണെന്ന് റോഷ് അഗസ്റ്റിന്‍ എംഎല്‍എയും പ്രതികരിച്ചു.

Top