കേരളകോണ്‍ഗ്രസില്‍ പോര്; ജോസഫ് വിഭാഗത്തിന്റെ കത്ത് പാര്‍ട്ടി വിരുദ്ധമെന്ന്. . .

തിരുവനന്തപുരം: കേരളകോണ്‍ഗ്രസില്‍ പി ജെ ജോസഫിന്റെ നീക്കങ്ങള്‍ക്കെതിരെ ജോസ് കെ മാണി വിഭാഗം രംഗത്ത്.

പിജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാനായും ജോയ് എബ്രഹാമിനെ സെക്രട്ടറിയായും നിയമിച്ചെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന് ജോസഫ് വിഭാഗം കത്ത് നല്‍കിയതിനെതിരെ ജോസ്.കെ.മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിനാണ് രംഗത്തെത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കത്ത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നാണ് റോഷി അഗസ്റ്റിന്‍ പറയുന്നത്. കത്ത് കൊടുത്തോ എന്ന് ജോസഫിനോട് ചോദിക്കുമെന്നും പി ജെ ജോസഫ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും ആരെങ്കിലും കത്ത് കൊടുത്തെങ്കില്‍ അച്ചടക്ക ലംഘനമാണെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

കേരളകോണ്‍ഗ്രസിന്റെ ചെയര്‍മാനെയും സെക്രട്ടറിയെയും നിയമിച്ചുവെന്ന് കാണിച്ച് ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ച് സമവായം ആകുമുമ്പ് അത്തരമൊരു തീരുമാനം എടുത്തെങ്കില്‍ അത് ശരിയായില്ല. സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കണം, റോഷി അഗസ്റ്റിന്‍ ആവശ്യമുന്നയിച്ചു.

പാര്‍ട്ടിയിലെ പുതിയ നിയമനം സംബന്ധിച്ച് കേരളകോണ്‍ഗ്രസ് ജോസഫ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. സി.എഫ്. തോമസും മോന്‍സ് ജോസഫും ഉല്‍പ്പെടെ മൂന്ന് എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും ജോസഫ് വിഭാഗം കത്തില്‍ പറയുന്നുണ്ട്. ജോസ് കെ. മാണിയും കൂട്ടരും അറിയാതെയായിരുന്നു ജോസഫ് വിഭാഗം ഇത്തരത്തിലൊരു നീക്കം നടത്തിയത്.

കേരളകോണ്‍ഗ്രസിലെ പദവികള്‍ സംബന്ധിച്ചുള്ള തര്‍ക്കം രൂക്ഷമാവുകയാണ്. ഇത് പാര്‍ട്ടിയുടെ പിളര്‍പ്പിലേക്ക് നയിച്ചേക്കാം എന്നും സൂചനയുണ്ട്.

Top