പി.ജെ ജോസഫിനെയും മോന്‍സ് ജോസഫിനെയും അയോഗ്യനാക്കണം; ജോസ് വിഭാഗം സ്പീക്കര്‍ക്ക് കത്ത് നല്‍കി

കോട്ടയം; പി ജെ ജോസഫിനേയും മോന്‍സ് ജോസഫിനേയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം നിയമസഭ സ്പീക്കര്‍ക്ക് കത്ത് നല്‍കി. സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലും രാജ്യസഭ തെരഞ്ഞെടുപ്പിലും പാര്‍ട്ടി തീരുമാനം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.

ജോസഫ് പക്ഷത്തെ മൂന്നാമത്തെ എംഎല്‍എയായ സി എഫ് തോമസ് അനാരോഗ്യം കാരണം അന്ന് നിയമസഭയില്‍ എത്തിയിരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ല. യഥാര്‍ഥ കേരള കോണ്‍ഗ്രസ് എം ആരെന്ന തര്‍ക്കം ഹൈക്കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കത്തിന്‍മേല്‍ സ്പീക്കര്‍ ഉടന്‍ നടപടിയെടുക്കാനിടയില്ല.

ജോസ് പക്ഷത്തെ എംഎല്‍എ ആയ എന്‍ ജയരാജ് നേരിട്ടെത്തിയാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. കേരളാ കോണ്‍ഗ്രസ് എം ഏതാനും കാലമായി സ്വതന്ത്ര നിലപാടിലാണെന്നും അതിനാല്‍ രാജ്യസഭാ തെരഞ്ഞെടുപ്പിലും അവിശ്വാസ വോട്ടെടുപ്പിലും പങ്കെടുക്കേണ്ടെന്ന് തീരുമാനം പാര്‍ട്ടി എടുത്തിരുന്നുവെന്നും എംഎല്‍എ പറഞ്ഞു.

Top