പി.ജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: എംഎല്‍എ സ്ഥാനം രാജി വെച്ച് പിജെ ജോസഫും മോന്‍സ് ജോസഫും. ഇരുവരും തങ്ങളുടെ രാജിക്കത്ത് സ്പീക്കര്‍ക്ക് നല്‍കി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പായാണ് ഇരുവരും രാജി വച്ചത്. അയോഗ്യത പ്രശ്‌നം ഒഴിവാക്കുന്നതിനായിട്ടാണ് ജോസഫും മോന്‍സും രാജിവച്ചത് എന്നാണ് സൂചന.

കഴിഞ്ഞ ദിവസം പി.സി.തോമസ് നയിക്കുന്ന കേരള കോണ്‍ഗ്രസില്‍ പി.ജെ.ജോസഫ് വിഭാഗം ലയിച്ചിരുന്നു. പുതിയ പാര്‍ട്ടിയില്‍ ലയിച്ച ശേഷവും കേരള കോണ്‍ഗ്രസ് എംഎംഎല്‍എമാരായി തുടരുന്നതിലെ നിയമപ്രശ്‌നം ഒഴിവാക്കാനാണ് രാജിവയ്ക്കുന്നതാണ് നല്ലത് എന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പേരും രാജിവച്ചത്. ഇരുവരുടേയും രാജിക്കത്ത് ലഭിച്ചതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

അതേസമയം പാര്‍ട്ടി ചിഹ്നം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നതിനാല്‍ പി.ജെ.ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികള്‍ ഇതുവരെ നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി വരെ മാത്രമേ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സാധിക്കൂ. നാളെ മുതല്‍ പത്രികകളുടെ സൂക്ഷമപരിശോധന ആരംഭിക്കുകയാണ്.

Top