ജോസഫ് എന്ന അവസരവാദി നേതാവിന് കാലം കരുതിവച്ച പ്രഹരം ഒടുവിൽ കിട്ടി !

ങ്ങനെ ഒരു ‘പണി’ കിട്ടുമെന്ന് ഒരിക്കലും പി.ജെ.ജോസഫ് കരുതിയിട്ടുണ്ടാകില്ല. യഥാര്‍ത്ഥത്തില്‍ മുഖമടിച്ച് അടി കിട്ടിയ അവസ്ഥയിലാണിപ്പോള്‍ ജോസഫ് വിഭാഗം.

നിഷ ജോസ് കെ മാണിയെ പാലായില്‍ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലന്ന് വാശിപിടിച്ച ജോസഫിന് അദ്ദേഹം സസ്‌പെന്റ് ചെയ്ത നേതാവിനെ തന്നെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അതല്ലങ്കില്‍ മുന്നണിയില്‍ നിന്നു തന്നെ പുറത്ത് പോകേണ്ടി വരും.

കേരള കോണ്‍ഗ്രസ്സിലെ ഭിന്നത പാലാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തോടെ വലിയ പൊട്ടിത്തെറിയില്‍ എത്തിയിരിക്കുകയാണിപ്പോള്‍. ചെയര്‍മാന്‍ എന്ന പദവി ഉപയോഗിച്ച് രണ്ടില ചിഹ്നം നല്‍കില്ലന്ന് ഇനിയും ജോസഫ് വാശി പിടിച്ചാല്‍ അദ്ദേഹത്തെ പിന്തുണച്ച കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് പോലും കൈവിടേണ്ടി വരും. അവസരവാദിയായതിനാല്‍ ഇടതുപക്ഷവും ജോസഫിനെ വിശ്വസിക്കില്ല.

പഴയ ജോസഫ് നേതാക്കള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് രൂപീകരിച്ച് നിലവില്‍ ഇടതുപക്ഷത്തുണ്ട്. ഫ്രാന്‍സിസ് ജോര്‍ജും ആന്റണി രാജുവും കനിഞ്ഞാല്‍ മാത്രമേ ആ പാര്‍ട്ടിയില്‍ ജോസഫ് വിഭാഗത്തിന് ലയിക്കാന്‍ കഴിയുകയൊള്ളു. അധികാര കൊതിയുള്ള ജോസഫ് വിഭാഗത്തിന്. എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് കഴിയുകയില്ല. അടുത്ത ഭരണം യു.ഡി.എഫിന് ആകുമെന്ന കണക്ക് കൂട്ടലില്‍ ഒപ്പം നില്‍ക്കുന്നവര്‍ പോലും അത്തരമൊരു സാഹചര്യത്തില്‍ ജോസഫിനെ കൈവിടുകയും ചെയ്യും.

യു.ഡി.എഫില്‍ രണ്ടായി നിന്ന് കേരള കോണ്‍ഗ്രസ്സിന് ലഭിക്കുന്ന മന്ത്രി പദവികള്‍ ഉള്‍പ്പെടെ പങ്കിട്ടെടുക്കുക എന്നതാണ് ജോസഫ് കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ ജോസഫിന്റെ ഈ നീക്കത്തിന് തടയിടാന്‍ കൂടിയാണ് പാലായില്‍ നിഷയെ ഒഴിവാക്കി സാഹസത്തിന് ജോസ് കെ മാണി വിഭാഗം ഇപ്പോള്‍ മുതിര്‍ന്നിരിക്കുന്നത്.

സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ അംഗീകരിച്ചില്ലങ്കില്‍ ജോസഫിനെ മുന്നണിയില്‍ നിന്നും പുറത്താക്കാന്‍ ജോസ്.കെ മാണി വിഭാഗം ആവശ്യപ്പെടും. യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ്സ് തങ്ങളുടേതാണെന്ന് പാലാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്തിലൂടെ തെളിയിക്കാനും ജോസ് കെ മാണി വിഭാഗത്തിന് കഴിഞ്ഞു. രണ്ടില ചിഹ്നത്തില്‍ ഇനിയും ജോസഫ് വാശി പിടിച്ചാല്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കാനാണ് തീരുമാനം.

ജോസഫ് പുറത്തായതിന് തുല്യമാകും ആ നടപടി. രണ്ട് വിഭാഗവും ചിഹ്നത്തിന് വാശി പിടിച്ചാല്‍ ഇലക്ഷന്‍ കമ്മിഷന്‍ ചിഹ്നം മരവിപ്പിക്കാനും സാധ്യത ഉണ്ട്. ജോസഫ് വിഭാഗം ഇനി റിബലിനെ നിര്‍ത്തിയാലും മുന്നണിയുടെ ശത്രുവായി പ്രഖ്യാപിക്കപ്പെടും. പാലായില്‍ ജോസഫിന്റെ നീക്കങ്ങളെ പോത്സാഹിപ്പിക്കുമെങ്കിലും ‘പാലം കടന്നാല്‍’ ഇടതുപക്ഷവും ജോസഫിനെ കൈവിടും.

മാണി കൈ പിടിച്ച് പാര്‍ട്ടിയില്‍ ലയിപ്പിച്ച ജോസഫ് അദ്ദേഹത്തിന്റെ മരണശേഷം ആ പാര്‍ട്ടിയെ തന്നെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതാണ് ജോസഫിനെ ഇടതുപക്ഷവും വിശ്വസിക്കാതിരിക്കാന്‍ കാരണം. ജോസഫിന്റെ ഒപ്പം മാണി കോണ്‍ഗ്രസ്സില്‍ ലയിക്കാന്‍ ഉണ്ടായിരുന്നവരില്‍ ഭൂരിപക്ഷവും ഇപ്പോള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്സിലാണുള്ളത്.

യഥാര്‍ത്ഥത്തില്‍ വീട്ടിലേക്ക് വിളിച്ച് കയറ്റിയവന്‍ വീട് കയ്യേറിയ അവസ്ഥയാണ് നിലവില്‍ കേരള കോണ്‍ഗ്രസ്സിലേത്. മാണിക്ക് പറ്റിയ വലിയ പിഴവായാണ് ഈ ലയനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളും ഇപ്പോള്‍ വിലയിരുത്തുന്നത്.

ജനസ്വാധീനമുള്ള കേരള കോണ്‍ഗ്രസ്സ് ജോസ്.കെ മാണി വിഭാഗം ഇല്ലങ്കില്‍ യു.ഡി.എഫിന് ഒരിക്കലും കേരള ഭരണം കണി കാണാന്‍ കിട്ടില്ല. ഈ യാഥാര്‍ത്ഥ്യം അറിയുന്ന മുസ്ലീം ലീഗ് ജോസ്.കെ മാണി വിഭാഗത്തോടൊപ്പമാണ് അടിയുറച്ച് നില്‍ക്കുന്നത്. ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ജോസഫിനോടുള്ള താല്‍പ്പര്യമാണ് പ്രശ്‌നം ഇത്രയും വഷളാക്കിയതെന്ന നിലപാടാണ് ലീഗ് നേതൃത്വത്തിനുള്ളത്.

പാലായില്‍ ജോസഫിനെ വെട്ടിനിരത്തി സ്വന്തം നിലക്ക് ജോസ്.കെ മാണി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ തീ പാറുന്ന മത്സരത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ജോസഫ് പാലം വലിച്ചാലും ഏശില്ലന്ന ആത്മവിശ്വാസവും ജോസ് കെ മാണി വിഭാഗത്തിനുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ജോസഫിനെ പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും പുറത്താക്കാനാണ് നീക്കം. ഇക്കാര്യത്തില്‍ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലന്നാണ് ജോസ് വിഭാഗം നേതാക്കള്‍ പറയുന്നത്. സംസ്ഥാന സമിതിയിലും ഉന്നതാധികാര സമിതിയിലും ഉള്‍പ്പെടെ ഭൂരിപക്ഷവും ഇപ്പോഴും ജോസ് കെ മാണി വിഭാഗത്തിനൊപ്പമാണ്. ചില ചിട്ടി തട്ടിപ്പുകാരും ബ്ലെയ്ഡ് കമ്പനിക്കാരും മാത്രമാണ് ജോസഫിനൊപ്പമെന്നാണ് ജോസ് വിഭാഗം പറയുന്നത്.

Top