എല്ലാ സാധനങ്ങളും ഇറ്റലിയില്‍നിന്ന് ഇറക്കുമതി ചെയ്യാനാണ് ചിലരുടെ ആഗ്രഹം: പിയൂഷ് ഗോയല്‍

piyush goyal

ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. വന്ദേഭാരത് എക്സ്പ്രസ്സിനെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെയാണ് പിയൂഷ് ഗോയല്‍ രംഗത്തെത്തിയത്. . ഇന്ത്യക്കാരുടെ കഴിവുകളെ അപഹസിക്കുകയാണ് ചിലരെന്നും ഇറ്റലിയില്‍ നിന്ന് ഇറക്കമതി ചെയ്യണമെന്നാണ് അക്കൂട്ടര്‍ ആഗ്രഹിക്കുന്നതെന്നുമാണ് പിയൂഷ് ഗോയല്‍ പറഞ്ഞത്.

ഇന്ത്യന്‍ എന്‍ജിനീയര്‍മാരെയും തൊഴിലാളികളെയും ഓര്‍ത്ത് നമുക്ക് അഭിമാനമുണ്ട്. ലോകത്തിലെ ഏറ്റവും മഹത്തായ രാജ്യമാക്കി നാം ഇന്ത്യയെ മാറ്റും. ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ നിര്‍മിക്കുന്ന ട്രെയിനുകള്‍ ചിലപ്പോള്‍ ഇറ്റലിയിലേയ്ക്ക് കയറ്റുമതി ചെയ്തേക്കാം. എന്നാല്‍ ഇറ്റലിയില്‍നിന്ന് ഇന്ത്യയിലേയ്ക്ക് ഒന്നും ഇറക്കുമതി ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച വന്ദേഭാരത് എക്സ്പ്രസിനെ രാഹുല്‍ ഗാന്ധി പരിഹസിച്ചെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പിയൂഷ് ഗോയലിന്റെ വിമര്‍ശം. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി സംബന്ധിച്ച് ഗൗരവതരമായ പുനഃപ്പരിശോധന വേണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. പദ്ധതി പരാജയമടഞ്ഞതായാണ് ജനങ്ങളില്‍ കൂടുതല്‍ പേരും മനസ്സിലാക്കുന്നത്. ശരിയായ രീതിയില്‍ എങ്ങനെ പദ്ധതി നടപ്പിലാക്കാം എന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് വിശദമായി പരിശോധിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. കന്നി ഓട്ടത്തില്‍ത്തന്നെ വന്ദേ ഭാരത് എക്സ്പ്രസിനെക്കുറിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

Top