അപ്പോള്‍ ഐസക് ന്യൂട്ടൻ എന്താണ് കണ്ടുപിടിച്ചത്?പീയുഷ് ഗോയലിന് ട്രോൾമഴ

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമന് പിന്നാലെ അബദ്ധം പറഞ്ഞ് പുലിവാല് പിടിച്ചിരിക്കുകയാണ് വാണിജ്യമന്ത്രി പീയുഷ് ഗോയൽ. പീയുഷ് ഗോയലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ നിർമല സീതാരമനെ ട്രോളുന്ന സോഷ്യൽ മീഡിയയ്ക്ക് പുതിയ ഒരു ഇര കൂടി വീണുകിട്ടിയിരിക്കുകയാണ്.

ടിവിയിൽ കാണുന്ന കണക്കുകൾക്ക് പിന്നാലെ പോകരുതെന്നും കണക്കുകൂട്ടിക്കൊണ്ടിരുന്നെങ്കിൽ ‘ഐൻസ്റ്റീൻ’ ഗുരുത്വാകർഷണം കണ്ടുപിടിക്കില്ലായിരുന്നെന്നുമാണ് പീയൂഷ് ഗോയൽ പറഞ്ഞത്.

പീയൂഷ് ഗോയലിന്റെ പ്രസ്താവനയെ ആണ് ട്രോളർമാർ സോഷ്യൽ മീഡിയയിൽ ഇത്തവണ ഇരയാക്കിയത്. ഗുരുത്വാകർഷണം ഐൻസ്റ്റീന്റേതാണെങ്കിൽ ഐസക് ന്യൂട്ടൻ എന്താണ് കണ്ടുപിടിച്ചത് എന്നാണ് റെയിൽവേ മന്ത്രിയോടുള്ള ട്രോളൻമാരുടെ ചോദ്യം.

ഐസക് ന്യൂട്ടൺ തന്റെ തലയിൽ ആപ്പിൾ വീണപ്പോൾ ഗുരുത്വാകർഷണത്തെക്കുറിച്ച് അദ്ദേഹം ബോധവാനായി എന്ന വിഖ്യാതമായ സംഭവം നിലവിലിരിക്കെയാണ് പീയൂഷ് ഗോയൽ ഗുരുത്വാകർഷണം കണ്ടുപിടിച്ചെന്ന ബഹുമതി ഐൻസ്റ്റീന് ചാർത്തിക്കൊടുത്തിരിക്കുന്നത്.

കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയുടെ സാന്നിധ്യത്തിലായിരുന്നു പീയുഷ് ഗോയലിന്റെ രസകരമായ പ്രസ്താവന. ടെലിവിഷനിൽ കാണുന്ന ‘അഞ്ച് ട്രില്യൺ ഡോളർ സാമ്പദ്വ്യവസ്ഥ’,’ജിഡിപി വളർച്ച അഞ്ച് ശതമാനം’ എന്നു തുടങ്ങിയ കണക്കുകൂട്ടലുകളിലേക്ക് ജനങ്ങൾ പോകരുതെന്നും, കണക്കുകൂട്ടിക്കൊണ്ടിരുന്നെങ്കിൽ ‘ഐൻസ്റ്റീൻ’ ഗുരുത്വാകർഷണം കണ്ടുപിടിക്കില്ലായിരുന്നെന്നുമാണ് അദ്ദേഹം പറഞ്ഞത്. രാജ്യം നേരിടുന്ന വളർച്ചാ മുരടിപ്പുമായി ബന്ധപ്പെട്ട് പ്രതികരിക്കുയായിരുന്നു കേന്ദ്രമന്ത്രി.

ഗോയലിന്റെ വീഡിയോ ട്വിറ്ററിൽ വൈറലായതോടെ സോഷ്യൽ മീഡിയയിൽ ന്യൂട്ടനും, ഐൻസ്റ്റീനും ട്രെൻഡിങ്ങിലുമെത്തി.

Top