തെറ്റ് ആര്‍ക്കും പറ്റും; ഐന്‍സ്റ്റീന്‍ പ്രസ്താവനയില്‍ വിശദീകരണവുമായി പിയൂഷ് ഗോയല്‍

piyush goyal

ന്യൂഡല്‍ഹി: ഗുരുത്വാകര്‍ഷണ സിദ്ധാന്ത വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. എല്ലാവര്‍ക്കും തെറ്റു പറ്റും, തെറ്റ് സംഭവിക്കുന്നതില്‍ പേടിയില്ലാത്തയാളാണ് ഞാന്‍ -കേന്ദ്ര മന്ത്രി പറഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള പ്രസ്താവനയില്‍ പ്രത്യേക സന്ദര്‍ഭത്തില്‍ പറഞ്ഞതില്‍ ഒരു വരി മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. ഇത് ദുരുദ്ദേശ്യപരമാണെന്നും അദ്ദേഹം പറഞ്ഞു.

ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കുന്നതില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് കണക്ക് ഒരുതരത്തിലും പ്രയോജനപ്പെട്ടിട്ടില്ലെന്നായിരുന്നു പിയുഷ് ഗോയല്‍ പറഞ്ഞത്. ജി.ഡി.പി സംബന്ധിച്ച് ടി.വിയില്‍ കാണുന്ന കണക്കുകള്‍ക്ക് പിന്നാലെ പോകരുത്. അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥ, 12 ശതമാനം വളര്‍ച്ച, നിലവിലെ ആറ് ശതമാനം വളര്‍ച്ച തുടങ്ങിയ കണക്കുകൂട്ടലുകളിലേക്ക് ജനം പോകരുത്. സമവാക്യങ്ങള്‍ക്ക് പിന്നാലെ മാത്രം പോവുകയാണെങ്കില്‍ ലോകത്ത് ഒരു നേട്ടവുമുണ്ടാകില്ല – എന്നും പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു.

ജി.ഡി.പി ഇടിവ് വിശദീകരിക്കുമ്പോള്‍ നടത്തിയ പരാമര്‍ശത്തിലെ മണ്ടത്തരം ചൂണ്ടിക്കാണിച്ച് നിരവധിപേര്‍ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഗോയലിന്റെ പ്രസ്താവനയെ കളിയാക്കി നിരവധി ട്രോളുകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Top