കേരളത്തിനായി പിടി ഉഷയുടെ ആദ്യ അപേക്ഷ: ഉറപ്പു നൽകി മോദി

എംപിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ ഒളിമ്പ്യൻ പിടി ഉഷ കേരളത്തിനു വേണ്ടി ആദ്യ അപേക്ഷ നടത്തി. സത്യപ്രതിജ്ഞയ്‌ക്കുശേഷം പാർലമെൻ്റിലെ ഓഫീസിൽ വച്ചാണ് പ്രധാനമന്ത്രിയുമായി ഉഷ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിനു വേണ്ടി ആദ്യ അപേക്ഷയും അവർ പ്രധാനമന്ത്രിക്കു മുന്നിൽ വച്ചു. കേരളത്തിൽ എയിംസ് അനുവദിക്കണമെന്ന ആവശ്യമാണ് പിടി ഉഷ പ്രധാനമന്ത്രിയ്ക്ക് മുന്നിൽ വച്ചത്. തുടർന്ന് രാജ്യസഭ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവുമായും പിടി ഉഷ കൂടിക്കാഴ്‌ച നടത്തി. സത്യപ്രതിജ്ഞയ്കു ശേഷം നടന്ന പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ തനിക്കൊരു അപേക്ഷയുണ്ടെന്ന് പിടി ഉഷ പ്രധാനമന്ത്രിയോടു പറയുകയായിരുന്നു. വ്യക്തമാക്കാൻ ആവശ്യപ്പെട്ട പ്രധാനമന്ത്രിയോട് അവർ എയിംസിൻ്റെ കാര്യമാണ് അവതരിപ്പിച്ചത്.

കോഴിക്കോട് കിനാലൂരിൽ തൻ്റെ സ്ഥാപനമായ ഉഷാസ്‌‌കൂൾ സ്ഥിതി ചെയ്യുന്നതിനു സമീപമാണ് കേരളത്തിൽ എയിംസിന് സ്ഥലം നിർദ്ദേശിച്ചതെന്നും അവർ പ്രധാനമന്ത്രിയോടു പറഞ്ഞു. ഇതിനായി അഞ്ച് ഏക്കർ സ്ഥലം സ്‌കൂൾ വിട്ടുകൊടുത്തിട്ടുണ്ടെന്നും ഉഷ പ്രധാനമന്ത്രിയെ അറിയിച്ചു. ഈ സമയം കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരനും ഒപ്പമുണ്ടായിരുന്നു. വേണ്ടത് ചെയ്യാമെന്ന് പ്രധാനമന്ത്രി പിടി ഉഷയ്ക്കു ഉറപ്പു നൽകുകയും ചെയ്തു. രാജ്യത്തെ കായിക മേഖലയുടെ പ്രതിനിധിയായാണ് താൻ പാർലമെൻ്റിൽ എത്തിയതെന്ന് പിടി ഉഷ മാധ്യമങ്ങളോടു വ്യക്തമാക്കി. അതേസമയം കേരളത്തിൻ്റെ ആവശ്യങ്ങൾക്ക് തീർച്ചയായും മുൻഗണന കൊടുക്കുമെന്നും അവർ വ്യക്തമാക്കി. സംസ്ഥാനത്തെ പ്രതിനിധികളായി എത്തിയിട്ടുള്ള മറ്റ് എംപിമാർക്കൊപ്പം കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രവർത്തിക്കുമെന്നും പിടി ഉഷ പറഞ്ഞു.

Top