പിറവം പള്ളി തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ

orthodox sabha

കൊച്ചി: പിറവം പള്ളി തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ. ശബരിമലയുടെയും പിറവം പള്ളിയുടെയും വിഷയത്തില്‍ രണ്ട് നീതി ശരിയല്ല. പിറവം പള്ളി കേസില്‍ സര്‍ക്കാര്‍ കോടതി വിധി നടപ്പിലാക്കണമെന്നും വിധി നടപ്പാക്കാത്തതിന് പിന്നില്‍ നിഗൂഢ താല്‍പ്പര്യമെന്നും കാതോലിക്കാ ബാവ വ്യക്തമാക്കി.

അതേസമയം പിറവം പള്ളിക്കേസില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയെന്ന വാര്‍ത്ത തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അത് വിമര്‍ശനമോ കോടതി നിലപാടോ ആയി കാണേണ്ടതില്ല. കേസില്‍ കോടതിയക്ഷ്യ അപേക്ഷ സുപ്രീംകോടതിതന്നെ തള്ളിയിട്ടുള്ളതാണെന്നും കേസിലെ സമവായ ചര്‍ച്ചകള്‍ സുപ്രീംകോടതി തന്നെ അംഗീകരിച്ചിട്ടുള്ളതാണെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

കാര്യങ്ങള്‍ മനസിലാക്കാന്‍ ജഡ്ജിമാര്‍ പലചോദ്യങ്ങളും ചോദിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോടതിയുടെ ഭാഗത്തുനിന്നുള്ള സ്വാഭാവികമായ ചോദ്യങ്ങളാണ് കഴിഞ്ഞദിവസം ഉണ്ടായത്. ഇതിനെല്ലാം എജി കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. എന്നാല്‍ കോടതി ഉത്തരവ് ഇതുവരെ പുറത്തുവന്നിട്ടില്ലെന്നുംമുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമലയില്‍ വന്‍പൊലീസ് സന്നാഹമൊരുക്കി സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, എന്തുകൊണ്ടാണ് പിറവം പള്ളിക്കേസില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കാത്തതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. എന്നാല്‍ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയാണെന്നായിരുന്നു അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചത്. ഇത് സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിനുള്ള കഴിവുകേടാണ് വ്യക്തമാക്കുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി.

പിറവം സെയ്ന്റ് മേരീസ് പള്ളിക്കേസിലെ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പള്ളി വികാരിയുള്‍പ്പെടെ നല്‍കിയ ഹര്‍ജികള്‍ ജസ്റ്റിസ് പി.ആര്‍. രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്.

2018 ഏപ്രില്‍ 18ന് പിറവം പള്ളി അവകാശം സംബന്ധിച്ച് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇതുവരെയായും വിധി നടപ്പാക്കിയില്ല. കോടതിവിധിയെത്തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കുന്നതിനും ആരാധന നടത്തുന്നതിനും പലവട്ടം ശ്രമം നടത്തിയെങ്കിലും യാക്കോബായ വിഭാഗം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വിധി നടപ്പാക്കാന്‍ വൈകിയത്.

Top