പിങ്ക് പൊലീസ് അപമാനിച്ച സംഭവം: അപമാനിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശം, കേസ് കോടതി മറ്റന്നാള്‍ പരിഗണിക്കും

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ പൊതുജനമദ്ധ്യത്തില്‍ അപമാനിച്ച സംഭവത്തില്‍ സര്‍ക്കാന്‍ നല്‍കിയ റിപ്പോര്‍ട്ട് ഹൈക്കാേടതി തള്ളി. സംഭവത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട കോടതി റിപ്പോര്‍ട്ടില്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നാണോ സര്‍ക്കാര്‍ പറയുന്നത് എന്ന് ചോദിച്ച കോടതി കുട്ടി കരഞ്ഞതെന്തിനെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ മറുപടിക്കൊപ്പം വീഡിയോ ഹാജരാക്കാത്തതില്‍ വിമര്‍ശിക്കുകയും ദ്യശ്യങ്ങള്‍ മറ്റന്നാള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു

സാക്ഷി മൊഴികളില്‍ കുട്ടി കരയുന്നുവെന്ന് വ്യക്തമായി പറയുന്നുണ്ടന്നും കോടതി നിരീക്ഷിച്ചു. എന്തിനാണ് ഇത്തരമൊരു റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയതെന്ന് സര്‍ക്കാരിനോട് ചോദിക്കുകയും ചെയ്തു. വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂവെന്നും കൂട്ടിച്ചേര്‍ത്തു.

കുട്ടിയെ അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. രേഖാമൂലമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കിയിരിക്കുന്നത്. കുട്ടിയുടെ മൗലികാവകാശ ലംഘനം ഈ കേസില്‍ ഉണ്ടായിട്ടില്ലെന്നും ആരോപണ വിധേയയായ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ മറുപടിയില്‍ പറഞ്ഞത്.

പൊലീസ് ഉദ്യോഗസ്ഥ ചെയ്ത തെറ്റിന് എടുക്കാന്‍ കഴിയുന്ന നിയമനടപടി സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. നഷ്ടപരിഹാരം വേണമെങ്കില്‍ ഈ പെണ്‍കുട്ടിക്ക് സിവില്‍ കേസുമായി മുന്നോട്ട് പോകാമെന്നും അതിന് തടസമില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതോടൊപ്പം നാല് സാക്ഷി മൊഴികളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥ ചീത്ത വിളിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നാണ് സാക്ഷിമൊഴികള്‍.

Top