ശിക്ഷ സ്ഥലംമാറ്റമോ, കഷ്ടം ! പിങ്ക് പൊലീസ് ‘ഷോ’ കേസില്‍ സര്‍ക്കാരിനെ വീണ്ടും കുടഞ്ഞ് കോടതി

കൊച്ചി: പെണ്‍കുട്ടിയെയും അച്ഛനെയും മോഷണം ആരോപിച്ച് പിങ്ക് പൊലീസ് പരസ്യമായി അപമാനിച്ച കേസില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന് കുട്ടിയുടെ അഭിഭാഷക അറിയിച്ചു.

അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥ മാപ്പ് പറഞ്ഞാല്‍ മാത്രം മതിയോ എന്നും, സ്ഥലംമാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി വൈകുന്നതെന്ത് കൊണ്ടാണെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

കുട്ടി അനുഭവിച്ച മാനസീക പീഡനം പറഞ്ഞറിയിക്കാനാകാത്തതെന്ന് കുട്ടിയുടെ അഭിഭാഷക ചൂണ്ടിക്കാട്ടി. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥയെ വൈറ്റ് വാഷ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. ഡിജിപി ഈ ഉദ്യോഗസ്ഥയെ ഇങ്ങനെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ അത് അവര്‍ക്ക് ദോഷം ചെയ്യുമെന്നാണ് കോടതി മുന്നറിയിപ്പ്.

പൊലീസ് ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ പെരുമാറിയ ശേഷം കുട്ടി കരഞ്ഞില്ല എന്ന് സംസ്ഥാന ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് ആരെ സംരക്ഷിക്കാന്‍ ആണെന്നാണ് കോടതി ചോദിച്ചത്. ജനം കൂടിയപ്പോള്‍ ആണ് കുട്ടി കരഞ്ഞത് എന്ന് ഡിജിപി പറയുന്നത് തെറ്റാണെന്നും വിഡിയോ ദൃശ്യങ്ങളില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ അഭിഭാഷകന്‍ എന്തിനാണ് വസ്തുതകള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു.

കുട്ടിക്ക് നഷ്ടപരിഹാരം കൊടുക്കുവാന്‍ ആവുമോ എന്നുള്ളത് അന്ന് സര്‍ക്കാര്‍ അറിയിക്കണം. കേസില്‍ വിധി തിങ്കളാഴ്ച പറയുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അറിയിച്ചു.

Top