പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ; പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ നേരിട്ട പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതിയുടെ ആവശ്യം തള്ളി സര്‍ക്കാര്‍. വനിത പൊലീസും കുട്ടിയും വീട്ടുകാരും തമ്മിലുള്ള വിഷയം മാത്രമാണ്. അതുകൊണ്ടു തന്നെ സര്‍ക്കാരിന് നഷ്ടപരിഹാരം നല്‍കാനാവില്ല. ഭരണഘടനയുടെ 21-ാം അനുഛേദം അനുസരിച്ച് കുട്ടി നേരിട്ട മൗലികാവകാശ ലംഘനത്തിനെതിരെ സിവില്‍ കോടതിയെ സമീപിക്കാമെന്നും സര്‍ക്കാര്‍ പറഞ്ഞു.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരയണന് നഷ്ടപരിഹാരം ലഭിച്ചതുപോലെ ഈ കുട്ടിക്കും നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്നും. എട്ട് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പരസ്യമായി വിചാരണ നടത്തിയത് അത്യന്തം അപമാനകരമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. നഷ്ടരപരിഹാരം സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.

ഉദ്യോഗസ്ഥയ്ക്കെതിരെ വകുപ്പ് തല നടപടി എടുത്തുവെന്നും സര്‍ക്കാര്‍ കോടതിയെ നേരത്തെ അറിയിച്ചിരുന്നു. വകുപ്പ് തല നടപടി എന്നു പറഞ്ഞ് ആരോപണ വിധേയമായ ഉദ്യോഗസ്ഥയെ അവര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്തേക്കാണ് സ്ഥലം മാറ്റിയതെന്നും ഇത് നടപടിയായി കാണാന്‍ പറ്റില്ലെന്നും ഹര്‍ജിക്കാര്‍ പറയുന്നു.

തിരുവനന്തപുരം ആറ്റിങ്ങലിലാണ് എട്ട് വയസ്സുകാരിയെയും അച്ഛനെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ചത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പരസ്യവിചാരണ. പോലീസ് ഉദ്യോഗസ്ഥ രജിതക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനുമുന്നിലും പ്രതിഷേധം നടന്നിരുന്നു.സ്ഥലം മാറ്റത്തിലൂടെ ഇവരെ രക്ഷിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും കുടുംബം പറഞ്ഞു. അതേസമയം മോഷ്ടിച്ചെന്നാരോപിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു.

സംഭവം വിവാദമായതോടെ സംഭവത്തില്‍ മാപ്പ് പറഞ്ഞ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ബുദ്ധിമുട്ട് നിറഞ്ഞ ചുറ്റുപാടില്‍ നിന്നാണ് വരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥ വിശദീകരിച്ചു. തന്നെ ആശ്രയിച്ച് കഴിയുന്ന കുടുംബത്തെ കണക്കിലെടുക്കണമെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. മാപ്പപേക്ഷ കണക്കിലെടുക്കുന്നതായി കോടതി അറിയിച്ചുവെങ്കിലും മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.

Top