Pinarayi’s warning for all in vigilnace case against Vellappally

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനോ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കോ വേണ്ടി ആരും ഇടപെടല്‍ നടത്താന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം !

മൈക്രോഫിനാന്‍സ് കേസില്‍ കുരുങ്ങിയ വെള്ളാപ്പള്ളിക്കെതിരെ വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ക്കശ നിലപാടുകള്‍ വിജിലന്‍സ് സ്വീകരിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം സംബന്ധമായ സൂചനയും പുറത്ത് വന്നത്.

പാര്‍ട്ടി നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും മാത്രമല്ല ഘടകകക്ഷി നേതാക്കളെയും ഉദ്ദേശിച്ചാണ് മുന്നറിയിപ്പ്.

മൈക്രോഫിനാന്‍സ് ക്രമക്കേട് കേസില്‍ പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് കുറഞ്ഞ തുകക്ക് ലഭ്യമാക്കേണ്ട തുക കൂടിയ പലിശക്ക് നല്‍കി സാമ്പത്തിക ലാഭം ഉണ്ടാക്കിയതിനാണ് വെള്ളാപ്പള്ളിയെ പ്രതി ചേര്‍ത്ത് വിജിലന്‍സ് കേസെടുക്കുന്നത്. ഡയറക്ടര്‍ ജേക്കബ് തോമസ് ്‌സഥലത്തെത്തിയാല്‍ ഉടന്‍ ഇക്കാര്യത്തില്‍ നടപടിയുണ്ടാവും.

പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിന് പുറമേ സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കേസിലെ തുടരന്വേഷണവും വേഗത്തിലാക്കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. കേസന്വേഷണ ടീമിനെത്തന്നെ മാറ്റണമോയെന്ന കാര്യവും പരിഗണനയിലാണ്.

വെള്ളാപ്പള്ളിയേയും മകനെയും പ്രതിക്കൂട്ടിലാക്കി ശാശ്വതീകാനന്ദയുടെ കുടുംബം രംഗത്ത് വന്ന സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തലുകള്‍ വെള്ളാപ്പള്ളിയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

അതേസമയം വെള്ളാപ്പള്ളിയെ എസ്എന്‍ഡിപി യോഗത്തിന്റെ നേതൃസ്ഥാനത്ത് നിന്ന് തെറിപ്പിക്കുന്നതിനുള്ള നീക്കങ്ങളും അണിയറയില്‍ സജീവമായിട്ടുണ്ട്.

സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പിന്‍തുണയില്‍ വെള്ളാപ്പള്ളി വിരുദ്ധരായ സമുദായ നേതാക്കളാണ് നീക്കം തുടങ്ങിയിട്ടുള്ളത്. ഉടന്‍ തന്നെ വിശാലമായ യോഗം വിളിച്ച് ചേര്‍ക്കും. ഇതിലേക്ക് മുഖ്യമന്ത്രിയടക്കമുള്ള ഉന്നത സിപിഎം നേതാക്കളെ പങ്കെടുപ്പിക്കാനാണ് തീരുമാനം.

കുടുംബസ്വത്താക്കി എസ്എന്‍ഡിപി യോഗത്തെ മാറ്റാന്‍ അനുവദിക്കില്ലെന്ന് വാദിക്കുന്ന ഈ വിഭാഗം എസ്എന്‍ ട്രസ്റ്റിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടന്ന നിയമനങ്ങളിലെ കോഴയെക്കുറിച്ചും വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

മൈക്രോഫിനാന്‍സ് കേസില്‍ കുരുങ്ങിയ വെള്ളാപ്പള്ളിക്ക് കൂടുതല്‍ കേസുകളെ നേരിടേണ്ട സാഹചര്യമാണ് ഇതോടെ ഉരുത്തിരിയുന്നത്.

നിയമസഭ തിരഞ്ഞെടുപ്പില്‍ പരസ്യമായി ബിജെപിയോട് സഖ്യം ചേര്‍ന്ന് ഇടതുപക്ഷത്തെ പ്രത്യേകിച്ച് സിപിഎമ്മിനെ തകര്‍ക്കാന്‍ വെള്ളാപ്പള്ളി നടത്തിയ നീക്കമാണ് സിപിഎം നേതൃത്വത്തെ പ്രകോപിപ്പിച്ചത്.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും വിഎസ് അച്യൂതാന്ദനും കോടിയേരി ബാലകൃഷ്ണനുമെല്ലാം ഒറ്റക്കെട്ടാണ്.പാര്‍ട്ടിയെ നശിപ്പിക്കാന്‍ ശ്രമിച്ചവരെ കൈകാര്യം ചെയ്യണമെന്ന് ഉറച്ച നിലപാടിലാണ് നേതാക്കള്‍.

വെള്ളാപ്പള്ളിയോട് വ്യക്തിപരമായി അടുപ്പമുള്ള ആലപ്പുഴയിലെ നേതാക്കള്‍ അടക്കമുള്ളവരോട് മേലില്‍ ഒരു ബന്ധവും പാടില്ലന്ന കര്‍ശന നിര്‍ദ്ദേശവും നേതൃത്വം നല്‍കിയിട്ടുണ്ട്.

പിണറായി മുഖ്യമന്ത്രിയായപ്പോള്‍ അനുകൂലമായി പ്രസ്താവനയിറക്കിയും എതിരായി പ്രസംഗിച്ചപ്പോള്‍ ‘കുരുടന്‍ ആനയെ കണ്ടത് പോലെ ‘ എന്ന് പരിഹസിച്ചും വെള്ളാപ്പള്ളി രംഗത്ത് വന്നിരുന്നു.

നിരവധി വര്‍ഷങ്ങളായി സമുദായത്തിന്റെ പേരില്‍ രാഷ്ട്രീയ നേതൃത്വങ്ങളെയും സര്‍ക്കാരിനെയും വിരട്ടി കാര്യം നേടിയിരുന്ന വെള്ളാപ്പള്ളിയുടെ തകര്‍ച്ചയുടെ തുടക്കമായി മാറുമോ ഇപ്പോഴത്തെ വിജിലന്‍സ് കേസെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്

Top