Pinarayi’s Statement against Vs

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെതിരെ പാസാക്കിയ പ്രമേയം നിലനില്‍ക്കുന്നുവെന്ന് പറഞ്ഞ പിണറായിയുടെ വാക്കുകള്‍ വിവാദമാക്കിയത് മാധ്യമങ്ങള്‍.

തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കുമെതിരായ ‘അജണ്ട’ രൂപപ്പെടുത്താന്‍ ഉണ്ടാക്കിയ തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ നീക്കങ്ങള്‍.

വിഎസിനെതിരായ പ്രമേയവും അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വവും തമ്മില്‍ ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്ന് പറഞ്ഞ പിണറായി സ്ഥാനാര്‍ത്ഥിത്വം വേറെ പാര്‍ട്ടി നിലപാട് വേറെ എന്നും വ്യക്തമാക്കിയിരുന്നു.

പാര്‍ട്ടി നിലപാട് ഏതെങ്കിലും ഘട്ടത്തില്‍ തള്ളിക്കളയേണ്ടതില്ലെന്ന പിണറായിയുടെ പ്രതികരണവും തികച്ചും യാഥാര്‍ത്ഥ്യത്തോടു കൂടിയുള്ളത് തന്നെയായിരുന്നു. കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ സംബന്ധിച്ച് അച്ചടക്കം പരമപ്രധാനമാണ്.

ഇഎംഎസ് അടക്കമുള്ള ഉന്നത നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത ചരിത്രവും സിപിഎമ്മിനുണ്ട്.

എന്നാല്‍ അതേസമയം, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചും അച്ചടക്ക നടപടിക്ക് വിധേയനാകുന്ന വ്യക്തിയുടെ പ്രവര്‍ത്തനവും കണക്കിലെടുത്ത് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചകളും ഉണ്ടാകാറുണ്ട്.

വിഎസിന്റെ കാര്യത്തിലാണെങ്കില്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങി പോന്നതടക്കമുള്ള കാര്യങ്ങള്‍ ഇപ്പോഴും പിബി കമ്മീഷന്റെ പരിഗണനയിലാണ്.

ലെനിനിസ്റ്റ് സംഘടനാ രീതി പിന്തുടരുന്ന കേഡര്‍ പാര്‍ട്ടിയായ സിപിഎമ്മിന്റെ ഈ ആഭ്യന്തരകാര്യത്തില്‍ ഇടപെട്ട് വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ പിന്നില്‍ ‘ഹിഡന്‍ അജണ്ട’യുണ്ടെന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ആരോപണം.

വിഎസിനെതിരായ പ്രമേയത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്തതെന്താണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘ഉരുളക്ക് ഉപ്പേരി’ എന്ന രൂപത്തില്‍ ‘പാര്‍ട്ടി നന്നാകണമെന്ന ആഗ്രഹത്തോടു കൂടിയല്ലല്ലോ’ ആ ചോദ്യമെന്ന് പിണറായി തുറന്നടിച്ചത് ചിലമാധ്യമ പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നത്രെ.

ബംഗാള്‍ തിരഞ്ഞെടുപ്പ്, ബാര്‍നയം, തുടങ്ങി നിരവധി കാര്യങ്ങളില്‍ പിണറായി മറുപടി പറഞ്ഞിരുന്നെങ്കിലും അതിനൊന്നും പ്രാധാന്യം കൊടുക്കാതെ വിഎസിനെതിരായി വളരെ മുന്‍പുണ്ടായ പ്രമേയവുമായി ബന്ധപ്പെട്ട പരാമര്‍ശം വിവാദമാക്കി ഇടതുപക്ഷത്തെ ആക്രമിക്കാന്‍ യുഡിഎഫ് അനുകൂല മാധ്യമങ്ങള്‍ മത്സരിക്കുകയാണ്.

പ്രചാരണ രംഗത്തും സര്‍വ്വേയിലും ഇടതുമുന്നേറ്റം ദൃശ്യമായ സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍ മാധ്യമങ്ങളുടെ വകയായി ഒരു ‘വിവാദം’ ഇപ്പോള്‍ യുഡിഎഫിനും ബിജെപിക്കുമായി നല്‍കിയിരിക്കുകയാണ്.

എന്നാല്‍ എന്തൊക്കെ വിവാദങ്ങളുണ്ടാക്കാന്‍ ശ്രമിച്ചാലും അതൊന്നും വിലപ്പോവില്ലെന്നും വന്‍ ഭൂരിപക്ഷത്തോടെ സിപിഎം അധികാരത്തില്‍ വരുമെന്നുമാണ് സിപിഎം അണികള്‍ പറയുന്നത്.

Top