Pinarayi’s ‘Nava Kerala March’ is the way of Administration; Vs

കാസര്‍കോട്: ഇടതുപക്ഷ സര്‍ക്കാരിനെ അധികാരത്തിലേറ്റാന്‍ സിപിഎമ്മിന്റെ നവകേരളാ മാര്‍ച്ച് വഴിയൊരുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജനങ്ങളുടെ മതമൈത്രിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ യോജിപ്പോടെ പോരാടണമെന്നും വിഎസ് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ നടക്കുന്ന തിരഞ്ഞെടുപ്പു ഫലങ്ങള്‍ മാറ്റത്തെയാണ് കാണിക്കുന്നത്. ഒന്നിനു പുറമേ ഒന്നായ മാറ്റം ഇടതുപക്ഷ മതനിരപേക്ഷ പാര്‍ട്ടികള്‍ക്ക് രാജ്യം ഭരിക്കാന്‍ വഴിയൊരുക്കുന്നതാണ്.

കേരളത്തില്‍ പുതുതായി ചുമതലയേറ്റ ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു ക്ഷേത്രങ്ങളുടെ സമീപത്ത് മറ്റു സമുദായക്കാരുടെ കടകള്‍ ഉണ്ടാകരുതെന്ന്. കുമ്മനം കേരളത്തിന്റെ സംസ്‌കാരം മനസിലാക്കിയിട്ടില്ല.

ശബരിമലയില്‍ തൊഴാന്‍ പോകുന്ന വിശ്വാസികള്‍ ആദ്യം വാവരു സ്വാമിയുടെ മുന്നില്‍ പോയി തേങ്ങ ഉടച്ചതിനു ശേഷമേ യാത്ര തുടങ്ങു. തന്റെ പ്രസ്താവന കൊണ്ട് ആരും വാവരുടെ മുന്നില്‍ പോകില്ലെന്നാണോ കുമ്മനം വിചാരിക്കുന്നത്. തികഞ്ഞ പുച്ഛത്തോടെ കുമ്മനത്തിന്റെ പ്രസ്താവന കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളയുമെന്നും വിഎസ് പറഞ്ഞു.

വിശ്വാസികളായിട്ടുള്ള ആളുകളെ പറഞ്ഞ് തെറ്റിധരിപ്പിച്ച് തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. കല്‍ബുര്‍ഗിയെയും പന്‍സാരയേയും അത്യന്തം നീചമായി കൊന്നു. തങ്ങള്‍ പറയുന്നത് അനുസരിക്കാത്തവരെ പാക്കിസ്ഥാനിലേക്ക് പറഞ്ഞയക്കും എന്നാണ് അവരുടെ ഭീഷണി. ഭീഷണിക്ക് ജനങ്ങള്‍ വിധേയമായി കേള്‍ക്കുമെന്നാണ് അവരുടെ വിചാരം. എന്തു കഴിക്കണം, എന്തു ധരിക്കണമെന്ന അവരോട് ചോദിച്ച് അനുസരിക്കണം. അല്ലാത്തവരെ വകവരുത്തുമെന്നാണ് ഭീഷണി.

ഇത്തരം ഭീഷണികളെ ജനങ്ങള്‍ക്ക് മനക്കരുത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും നേരിടാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്കറിയാം. ഇന്ത്യയിലെ ജനങ്ങളെ മഹാത്മാഗാന്ധി നയിച്ചത് സമാധാന പൂര്‍ണ്ണമായാണ്. ബിജെപിയുടെ കൊലപാതക രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി നേരിടും.

മോദി സര്‍ക്കാര്‍ ശാശ്വതമല്ല. അധികാരത്തില്‍ വന്നാല്‍ ഇന്ത്യയിലെ പ്രമാണിമാരായ ആളുകളുടെ കള്ളപ്പണം പിടിച്ചെടുക്കുമെന്ന് വാഗ്ദാനങ്ങള്‍ നല്‍കി. എന്നാല്‍ ഒന്നും പാലിച്ചില്ല. ജനങ്ങള്‍ ചോദ്യം ചെയ്യുമെന്ന് ഭയന്ന നരേന്ദ്ര മോദി പാത്തു പാത്ത് വിദേശ രാജ്യങ്ങളിലൂടെ നടക്കുന്നു. മോദി സര്‍ക്കാരിന്റെ ഒന്നരക്കൊല്ലം കൊണ്ടു തന്നെ ചതിയും വഞ്ചനയും ജനങ്ങള്‍ തിരിച്ചറിഞ്ഞു. വിഎസ് ചൂണ്ടിക്കാട്ടി.

‘മതനിരപേക്ഷ, അഴിമതി മുക്ത, വികസിത കേരളം’ എന്ന മുദ്രാവാക്യവുമായി പ്രയാണമാരംഭിച്ച പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചു.

Top