പിണറായി ഇനി കേരളത്തിന്റെയല്ല, ദേശീയ പ്രതിപക്ഷത്തിന്റെ ‘ക്യാപ്റ്റനാകും’

തൊരു ഷോക്ക് ട്രീറ്റ് മെന്റാണ് കേരളത്തിലെ ബി.ജെ.പിയുടെ ഉള്ള അക്കൗണ്ട് കൂടി പൂട്ടിച്ച ഇടതുപക്ഷം വലിയ സന്ദേശമാണിപ്പോൾ രാജ്യത്തിന് നൽകിയിരിക്കുന്നത്. കാവി രാഷ്ട്രീയത്തിന് കടിഞ്ഞാണിടാൻ പ്രതിപക്ഷത്തെ നയിക്കാനുള്ള കരുത്താണ് പിണറായി വിജയനിപ്പോൾ ആർജ്ജിച്ചിരിക്കുന്നത്. ബംഗാൾ ‘കടുവ’ എന്നറിയപ്പെട്ടിരുന്ന സാക്ഷാൽ മമത ബാനർജി പോലും പരാജയപ്പെട്ടപ്പോൾ അരലക്ഷത്തിനടുത്ത് ഭൂരിപക്ഷം നേടിയാണ് പിണറായി വിജയൻ വിജയിച്ചിരിക്കുന്നത്. ബംഗാളിൽ ഭരണം പിടിക്കാൻ കഴിഞ്ഞെങ്കിലും മമതയുടെ തോൽവി തൃണമൂൽ കോൺഗ്രസ്സിനേറ്റ കനത്ത പ്രഹരം തന്നെയാണ്. 1,622 വോട്ടുകൾക്ക് ബി.ജെ.പി സ്ഥാനാർത്ഥി സുവേന്ദു അധികാരിയാണ് മമതയെ വീഴ്ത്തിയിരിക്കുന്നത്. ഇതാകട്ടെ അവരുടെ പ്രതിച്ഛായക്കും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കോൺഗ്രസ്സിന് ഭരണം ഉണ്ടായിരുന്ന പോണ്ടിച്ചേരിയിൽ ബി.ജെ.പി സഖ്യം ഭരണം പിടിച്ചത് രാഹുൽ ഗാന്ധിക്കും വലിയ പ്രഹരമാണ്.

അസമിലും കോൺഗ്രസിന് ഭരണം പിടിക്കാൻ കഴിഞ്ഞിട്ടില്ല. തമിഴകത്ത് ഡി.എം.കെ മുന്നണി ഭരണം പിടിച്ചതിൽ ഇടതുപക്ഷത്തിനും ക്രഡിറ്റ് അവകാശപ്പെടാൻ കഴിയുമെന്നതിനാൽ അവിടെയും കോൺഗ്രസ്സിന്റെ അവകാശവാദം വിലപ്പോവുകയില്ല. എന്നാൽ കേരളത്തിലെ സ്ഥിതി അതല്ല ഇവിടെ ചരിത്രം തിരുത്തിയാണ് തുടർ ഭരണത്തിലേക്ക് ഇടതുപക്ഷം പോകുന്നത്. 140 ൽ 99 സീറ്റുകളും തൂത്തുവാരിയാണ് തുടർ ഭരണത്തിൽ എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും യോഗി ആദിത്യനാഥും ഉൾപ്പെടെ സകല ദേശീയ നേതാക്കളും പ്രചരണത്തിനെത്തിയിട്ടും നിലം തൊടീക്കാതെയാണ് ഇടതുപക്ഷം കാവിപ്പടയെ ഓടിച്ചിരിക്കുന്നത്. കേരളത്തിൽ ബി.ജെ.പിക്കുണ്ടായിരുന്ന ഏക അക്കൗണ്ടും ചെമ്പട പൂട്ടിച്ചിരിക്കുകയാണ്. നേമത്തെ കേരളത്തിലെ ഗുജറാത്തായി ചിത്രീകരിച്ചിരുന്ന ബി.ജെ.പി ദേശീയ നേതൃത്വത്തിനുള്ള ഒന്നാംതരം പ്രഹരം കൂടിയാണിത്. സി.പി.എം നേതാവായ വി ശിവൻകുട്ടിയാണ് നേമത്ത് ‘മിന്നൽപിണറായി’ മാറിയിരിക്കുന്നത്.

കേരളത്തിലെ ബി.ജെ.പി അക്കൗണ്ട് പൂട്ടിക്കുമെന്ന പിണറായി വിജയന്റെ പ്രഖ്യാപനമാണ് ഇടതുപക്ഷം മണ്ഡലത്തിൽ നടപ്പാക്കിയിരിക്കുന്നത്. ഇങ്ങനെയൊരു പ്രഖ്യാപനം നടത്താൻ രാജ്യത്തെ മറ്റേത് നേതാവിന് കഴിയുമെന്നതും വിലയിരുത്തപ്പെടേണ്ട കാര്യം തന്നെയാണ്.കാവി രാഷ്ട്രീയത്തെ അതിന്റെ മടയിൽ പോയി തന്നെയാണ് ചെമ്പട കീഴടക്കിയിരിക്കുന്നത് നേമത്തെ പരാജയം ബി.ജെ.പിക്കു നൽകിയ ഷോക്ക് വളരെ വലുതാണ്. ഉറപ്പായും 10 സീറ്റുകളിൽ വിജയിക്കുമെന്ന അവരുടെ കണക്കു കൂട്ടലുകളും തകർന്ന് തരിപ്പണമായിരിക്കുകയാണ്. 15.53 വോട്ട് ശതമാനത്തിൽ നിന്നും 11.30 ശതമാനമായാണ് സംസ്ഥാനത്ത് ബി.ജെ.പിയുടെ വോട്ട് വിഹിതം കൂപ്പുകുത്തിയിരിക്കുന്നത്. 12 വർഷത്തെ പിറകോട്ട് പോക്കാണിത്. എൻ.ഡി.എ മുന്നണിയുടെ ഭാഗമായ ബി.ഡി.ജെ.എസിന്റെ പ്രകടനവും അതി ദയനീയമാണ്. ഈ കനത്ത തോൽവിയിൽ നിന്നും എൻ.ഡി.എ അടുത്ത കാലത്തൊന്നും കരകയറുകയില്ല. അക്കാര്യവും ഉറപ്പാണ്. ജാതി – മത – ഭേദമന്യേ ജനങ്ങളെ സ്വാധീനിക്കാൻ ഇടതുപക്ഷത്തിനു കഴിഞ്ഞതാണ് മഹാവിജയം നേടാൻ വഴി ഒരുക്കിയിരിക്കുന്നത്. ഇതിൽ മുഖ്യമന്ത്രി പിണറായി വിജയൻ വഹിച്ച പങ്ക് വളരെ വലുതാണ്.

മാധ്യമങ്ങൾ ചാർത്തി നൽകിയ ‘വില്ലൻ’ പരിവേഷത്തിൽ നിന്നാണ് ‘ക്യാപ്റ്റനായി’ വീണ്ടും പിണറായി ഉയർന്നിരിക്കുന്നത്. അതിന് അദ്ദേഹത്തെ സഹായിച്ചിരിക്കുന്നത് പ്രവർത്തനത്തിലെ വേഗതയാണ്. പറയുന്ന കാര്യങ്ങൾ ചെയ്തിരിക്കും എന്ന ഒരു വിശ്വാസം ജനങ്ങൾക്ക് നൽകാനും പിണറായിക്ക് ഇതിനകം സാധിച്ചിട്ടുണ്ട്. 2016ലെ പ്രകടന പത്രികയിൽ പറഞ്ഞ ബഹുഭൂരിപക്ഷം വാഗ്ദാനങ്ങളും അതിനപ്പുറവും നിറവേറ്റിയാണ് പിണറായി തിരഞ്ഞെടുപ്പിനെ നേരിട്ടിരിക്കുന്നത്. ദുരത കാലത്ത് അതിജീവനത്തിനായി പോരാടുന്ന ജനതയ്ക്ക് വലിയ രൂപത്തിൽ ആത്മവിശ്വാസം നൽകാനും ക്യാപ്റ്റന് കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം ദേശീയ തലത്തിലും പിണറായി വിജയൻ എന്ന കമ്യൂണിസ്റ്റിൻ്റെ ഇമേജ് വർദ്ധിപ്പിച്ച ഘടകമാണ്.തുടർഭരണം ഉറപ്പ് എന്ന് പിണറായി പറഞ്ഞപ്പോൾ തമാശയായി കണ്ട രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഈ തിരിച്ചടി സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത പ്രഹരമാണ്. ലോകസഭ തിരഞ്ഞെടുപ്പിൽ ഇരുവർക്കും കേരളം നൽകിയ താരപരിവേഷമാണിപ്പോൾതവിടു പൊടിയായിരിക്കുന്നത്. കടലിൽ ചാടുന്ന നാടകവും റോഡ് ഷോയും ഒന്നും വിലപ്പോകില്ലന്നു കൂടി നെഹറുവിൻ്റെ പിൻമുറക്കാരെ ബോധ്യപ്പെടുത്തിയ വിധിയെഴുത്ത് കൂടിയാണിത്. മികച്ച സ്ഥാനാർത്ഥികൾക്കും അപ്പുറം മികച്ച ഭരണത്തിൻ്റെ തുടർച്ചയാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ചിരിക്കുന്നത്.

ഇടതുപക്ഷ സ്ഥാനാർത്ഥികൾക്ക് നൽകിയ ഭൂരിപക്ഷം വിലയിരുത്തിയാൽ ഈ ആവേശവും വ്യക്തമാകും. കേരളം വീണ്ടും ചുവന്നതോടെ ദേശീയ തലത്തിൽ തന്നെ മങ്ങിപ്പോയിരിക്കുന്നതിപ്പോൾ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ്.മോദിക്ക് ഒത്ത എതിരാളിയായി ഇനി യു.പി.എയിലെ ഘടക കക്ഷികൾ പോലും ഇരുവരെയും കാണാൻ സാധ്യതയില്ല. മതേതര പാർട്ടികളെല്ലാം ഇപ്പോൾ ആഗ്രഹിക്കുന്നത് കരുത്തനായ ഒരു ക്യാപ്റ്റന്റെ സാന്നിധ്യമാണ്. അവിടെയാണ് പിണറായി വിജയൻ എന്ന കമ്യൂണിസ്റ്റിന്റെ പ്രസക്തിയും വർദ്ധിക്കുന്നത്. ‘ഭാഷാ അതിർത്തിക്കും’ അപ്പുറം കവിപ്പടയെ തുരത്താനുള്ള ക്യാപ്റ്റനായി പിണറായി വന്നാലും ഇനി അത്ഭുതപ്പെടേണ്ടതില്ല. കാരണം കാവിപ്പടയുടെ രാജ്യത്തെ പ്രധാന ശത്രുവാണ് പിണറായി. പിണറായിയെ വേട്ടയാടിയതു പോലെ മറ്റൊരു മുഖ്യമന്ത്രിയെയും പരിവാർ സംഘടനകൾ വേട്ടയാടിയിട്ടില്ല. കഴിഞ്ഞ പിണറായി സർക്കാറിന്റെ കാലത്ത് സകല കേന്ദ്ര മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും അണിനിരത്തി കേരളത്തിൽ പ്രതിഷേധ മാർച്ച് നടത്തിയത് ബി.ജെ.പിയാണ്. രാജ്യത്ത് ആദ്യമായി ഭരിക്കുന്ന പാർട്ടി ‘ഊര് വിലക്ക് ‘ ഏർപ്പെടുത്തിയതും കേരള മുഖ്യമന്ത്രിക്കെതിരെയാണ്.

കേരളത്തിനു പുറത്ത് മുഖ്യമന്ത്രി പിണറായി വിജയനെ തടയാൻ പലവട്ടമാണ് സംഘ പരിവാർ സംഘടനകൾ ശ്രമിച്ചിരിക്കുന്നത്. തീർന്നില്ല ആർ.എസ്.എസ് നേതാവ് തലക്ക് ഇനാം പ്രഖ്യാപിച്ച ഏക മുഖ്യമന്ത്രിയും പിണറായി വിജയനാണ്. കമ്യൂണിസ്റ്റുകളെ കണ്ടാൽ കലിതുളുന്നവരാണ് സംഘപരിവാറുകാർ അത്രയ്ക്കുണ്ട് അവരുടെ പക. സി.പി.എമ്മിനെ സംബന്ധിച്ച് ആർ.എസ്.എസും – ബി.ജെ.പിയും നമ്പർ വൺ ശത്രുക്കളാണ്. പ്രത്യായശസ്ത്രപരമായ നിലപാടുകൂടിയാണിത്. പിണറായി വിജയൻ എന്ന കമ്യൂണിസ്റ്റ് കേരളത്തിൻ്റെ മാത്രമല്ല ഇനി രാജ്യത്തിൻ്റെ തന്നെ ക്യാപ്റ്റനാകണം എന്ന് മതേതര മനസ്സുകൾ ആഗ്രഹിക്കുന്നതും സ്വാഭാവികമാണ്. ദേശീയ തലത്തിൽ പ്രാദേശികപാര്‍ട്ടികളുടെ ഏകോപനത്തിന് കരുത്തുള്ള ദേശീയനായകനായി പിണറായി മാറണമെന്നാണ് അവരെല്ലാം ആഗ്രഹിക്കുന്നത്.

സംസ്ഥാനഭരണംകൊണ്ട് ബി.ജെ.പി.യെ പ്രതിരോധിക്കുന്ന മുഖ്യമന്ത്രിയെന്ന പേര് പിണറായി ഇതിനകം തന്നെ ദേശീയ തലത്തിലും നേടിയിട്ടുണ്ട്. പൗരത്വഭേദഗതി നിയമത്തിനെതിരേയടക്കം, ബി.ജെ.പി.യോടുള്ള പോരാട്ടത്തിന് മറ്റുസംസ്ഥാനങ്ങളുടെ കൂട്ടായ്മയുണ്ടാക്കാന്‍ പിണറായി വിജയനാണ് മുൻകൈ എടുത്തിരുന്നത്. സാക്ഷാൽ മമത പോലും പകച്ചടത്തായിരുന്നു ഈ ഇടപെടൽ എന്നതും നാം മറക്കരുത്. തമിഴ്നാട്ടില്‍ നിയുക്ത മുഖ്യമന്ത്രി സ്റ്റാലിനുമായും ഡല്‍ഹിയില്‍ കെജ്രിവാളുമായും അടുത്ത ബന്ധമാണ് പിണറായിക്കുള്ളത്. ശരദ് പവാറിനും കരുത്തനായ പിണറായിയെ തള്ളിക്കളായൻ ഇനി കഴിയുകയില്ല.യു.പിയിൽ അഖിലേഷ് യാഥവും ബീഹാറിൽ തേജ്വസി യാഥവ് ആഗ്രഹിക്കുന്നതും ബി.ജെ.പിയുടെ പതനമാണ്. കർഷക സംഘടനകൾക്കും ഇടതുപക്ഷത്തോട് വലിയ ആഭിമുഖ്യമാണുള്ളത്. ഈ താൽപ്പര്യങ്ങൾ അനിവാര്യമായ  കൂട്ടായ്മയിലേക്കെത്തിയാൽ തീർച്ചയായും മോദിയാണ് ശരിക്കും വെല്ലുവിളി നേരിടേണ്ടി വരിക.

Top